വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു
text_fieldsവെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ നടന്ന ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച അർധരാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിലെ പ്രധാന ആശുപത്രികളിലൊന്നായ ഇബ്നു സീന ആശുപത്രിയിൽ കടന്നുകയറിയ ഇസ്രായേൽ സേന അവിടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ രോഗികളെ വിട്ടുപോകാൻ വിസമ്മതിച്ചു. തുടർന്ന് രണ്ട് ആരോഗ്യ പ്രവർത്തകരെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട പരിശോധനയും നടത്തി.
നാല് ആശുപത്രികൾ ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർക്ക് അടിയന്തര സേവനങ്ങൾ എത്തിക്കുന്നത് ഇസ്രായേൽ സൈന്യം തടയുകയാണെന്നും ഇത് കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് 80ഓളം സൈനിക വാഹനങ്ങൾ ജെനിൻ നഗരത്തിലെത്തിയത്. ഇവർ ഫലസ്തീനികളുടെ വീടുകളിൽ തിരച്ചിൽ നടത്തുകയും നിരവധി പേരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. ബുൾഡോസറുമായി എത്തിയ ഇസ്രായേൽ സൈന്യം റോഡുകളും വാഹനങ്ങളുമെല്ലാം തകർക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.