ലബനാനിൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ
text_fieldsബെയ്റൂത്: യു.എസിന്റെയും ഫ്രാൻസിന്റെയും കാർമികത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിലായ ലബനാൻ വെടിനിർത്തൽ തുടർച്ചയായി ലംഘിച്ച് ഇസ്രായേൽ. കിഴക്കൻ ലബനാനിലെ ഹെർമൽ പ്രവിശ്യയിലെ ഹൗശുൽ സയ്യിദ് അലി പ്രദേശത്ത് സൈനിക ക്യാമ്പിലെ ബുൾഡോസറിനുമേൽ ഇസ്രായേൽ ബോംബിട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
അതിർത്തിയിൽനിന്ന് 12 കിലോമീറ്റർ അകലെ നബാത്തിയയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ ലബനാനിലെ മർജായൂനിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതടക്കം ഒരാഴ്ചക്കിടെ 52 തവണ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തെക്കൻ ലബനാനിൽ യുദ്ധത്തിനിടെ പ്രവേശനം വിലക്കിയ ഭാഗങ്ങളിൽ തിരിച്ചുപോക്ക് ഇപ്പോഴും ഇസ്രായേൽ മുടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇവിടങ്ങളിൽ മടക്കം നിരോധിക്കപ്പെട്ടതാണെന്ന് പറഞ്ഞാണ് വീടുകൾക്കുനേരെ വെടിവെപ്പ്. ഷിബാ, അൽഹബ്ബാരിയ, മർജായൂൻ, അർനൂൻ, യൊഹ്മൂർ, ഖൻത്വറ, ചഖ്റ, അൽമൻസൂരി തുടങ്ങി 60ലേറെ പ്രദേശങ്ങളിലാണ് വിലക്ക്. അതിനിടെ, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു ബെയ്റൂത്തിലെത്തി.
ഗസ്സയിലും ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 37 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 108 പേർക്ക് പരിക്കേറ്റു. ജബാലിയ, ബെയ്ത് ലാഹിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം. 14 മാസത്തിനിടെ 44,466 ഫലസ്തീനികൾ ഇസ്രായേൽ വംശഹത്യക്കിരയായതായാണ് സ്ഥിരീകരിക്കപ്പെട്ട കണക്ക്. കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.