രണ്ടാംഘട്ട ചർച്ചകൾക്കിടെ ഗസ്സയിൽ കുരുതിയുമായി ഇസ്രായേൽ
text_fieldsദോഹ: ഗസ്സ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ഖത്തറിൽ ആരംഭിച്ചതിനിടെ ഗസ്സയിൽ വീണ്ടും ആക്രമണവും കുരുതിയുമായി ഇസ്രായേൽ. ഗസ്സയിലേക്ക് സഹായം മുടക്കിയും വൈദ്യുതി വിച്ഛേദിച്ചും ദിവസങ്ങളായി ക്രൂരത തുടരുന്നതിനിടെയാണ് വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയത്. ഖാൻ യൂനുസിലെ ഖുസാഅയിൽ ഇസ്രായേൽ സൈനിക വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. റഫയിലും സമാനമായി ഒരു ഫലസ്തീനിയെ വെടിവെച്ചുകൊന്നിരുന്നു. ഖൽഖിലിയയിൽ നേരത്തെ കൊല്ലപ്പെട്ട ഹമാസ് നേതാവിന്റെ വീടിനു നേരെ ഇസ്രായേൽ ആക്രമണം നടത്തി. മറ്റിടങ്ങളിലും നടത്തിയ ആക്രമണങ്ങളിലായി 24 മണിക്കൂറിനിടെ 12 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 14 പേർക്ക് പരിക്കേറ്റു. ഇസ്രായേലി ലൈനുകൾ വഴി എത്തിയിരുന്ന വൈദ്യുതി പൂർണമായി വിച്ഛേദിച്ച നെതന്യാഹു സർക്കാർ പ്രധാന ജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടിയതിനെ തുടർന്ന് കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടുണ്ട്.
ഗസ്സയിലേക്ക് സഹായം മുടക്കുന്നത് തുടരുന്ന ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് ചെങ്കടൽ കടക്കുന്ന ഇസ്രായേൽ കപ്പലുകൾക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. നാലുദിവസ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെയാണ് ചെങ്കടൽ, ഏദൻ കടൽ, ബാബുൽ മൻദബ് ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്ന അറിയിപ്പ്. ഗസ്സ അതിർത്തികൾ വഴി ഭക്ഷണവും മരുന്നുമടക്കം സഹായങ്ങൾ വീണ്ടും പ്രവഹിച്ചുതുടങ്ങുംവരെ ആക്രമണം തുടരും.
അതേ സമയം, ഖത്തറിൽ യു.എസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ സാന്നിധ്യത്തിൽ ഹമാസ്- ഇസ്രായേൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. പൂർണ യുദ്ധവിരാമം മുന്നോട്ടുവെക്കുന്ന രണ്ടാം ഘട്ട വെടിനിർത്തലിന് സമ്മതിച്ചാൽ നെതന്യാഹുവിന് പിന്തുണ പിൻവലിക്കുമെന്ന് തീവ്ര വലതുപക്ഷ ഭീഷണി നിലനിൽക്കെയാണ് മധ്യസ്ഥ ചർച്ചകൾ. കഴിഞ്ഞ ദിവസം രാത്രിയിൽ ദോഹയിലെത്തിയ വിറ്റ്കോഫ് സമ്പൂർണ വെടിനിർത്തലിന് പകരം രണ്ടുമാസ വെടിനിർത്തലാകും മുന്നോട്ടുവെക്കുകയെന്ന് സൂചനയുണ്ട്. ഈ കാലയളവിൽ 10 ബന്ദികളെ ഹമാസ് വിട്ടയക്കും. പൂർണമായി അടച്ചിട്ട മുറികളിൽ നടക്കുന്ന ചർച്ചകളായതിനാൽ വിവരങ്ങൾ ലഭ്യമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.