യു.എൻ അഭയാർഥി ഏജൻസിയെ ഭീകരസംഘടനയാക്കി നിരോധിച്ച് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: 23 ലക്ഷം ഫലസ്തീനികൾക്ക് സ്വന്തമായതെല്ലാം ബോംബിട്ട് തകർത്ത ഇസ്രായേൽ അവർക്ക് അന്നമൂട്ടിയ യു.എൻ അഭയാർഥി ഏജൻസിയെയും ഭീകരമുദ്ര ചാർത്തി നിരോധിച്ചു. സഹായിയും സഖ്യകക്ഷിയുമായ അമേരിക്കയെയും മറ്റു ലോകരാജ്യങ്ങളെയും കുരുക്കിലാക്കിയാണ് തിങ്കളാഴ്ച രാത്രി ചേർന്ന ഇസ്രായേൽ പാർലമെന്റ് മൂന്നു മാസ പരിധി നിശ്ചയിച്ച് വിലക്ക് പാസാക്കിയത്.
ഗസ്സയിൽ മാത്രം 13,000 ജീവനക്കാരുമായി പ്രവർത്തിക്കുന്ന സംഘടനക്ക് വിലക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഓഫിസ് പ്രവർത്തിപ്പിക്കാനോ അഭയാർഥികൾക്ക് സേവനം നൽകാനോ അനുമതിയുണ്ടാകില്ല. ഇസ്രായേൽ സർക്കാർ ഏജൻസികൾക്ക് സംഘടനയുമായി ബന്ധവും നിരോധിച്ചിട്ടുണ്ട്. സംഘടനയെ ഭീകരപ്പട്ടികയിൽ പെടുത്തുന്ന ബില്ലും പാർലമെന്റ് പാസാക്കി. 120 അംഗ സഭയിൽ ഇരു ബില്ലുകളും 80ലേറെ വോട്ടുകളോടെയാണ് അംഗീകരിക്കപ്പെട്ടത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും അഭയാർഥി ഏജൻസിക്ക് കീഴിൽ നിരവധി സ്കൂളുകൾ, ക്ലിനിക്കുകൾ പ്രവർത്തിച്ചുവന്നിരുന്നു. കിഴക്കൻ ജറൂസലമിൽ പ്രവർത്തിക്കുന്ന ആസ്ഥാനം മാത്രമല്ല, ഈ സ്കൂളുകളും ക്ലിനിക്കുകളും ഇതോടെ അടച്ചുപൂട്ടേണ്ടിവരും. കഴിഞ്ഞ ജനുവരി മുതൽ സംഘടനയുടെ പ്രവർത്തനം മുടക്കാൻ ഇസ്രായേൽ നിരന്തരം ശ്രമം തുടരുകയാണ്. 230ലേറെ യു.എൻ ജീവനക്കാർ ഇതിനകം ഗസ്സയിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്.
1948ൽ ഇസ്രായേൽ പ്രഖ്യാപനത്തിനുടൻ നടന്ന കൂട്ടക്കൊലയെ തുടർന്ന് ഏഴു ലക്ഷം ഫലസ്തീനികൾ അഭയാർഥികളായതിനു പിറകെയാണ് സംഘടന നിലവിൽ വന്നത്. ഫലസ്തീനിൽ മാത്രമല്ല, സിറിയ, ലബനാൻ, ജോർഡൻ എന്നീ രാജ്യങ്ങളിലും ഇത് പ്രവർത്തിക്കുന്നുണ്ട്. 30,000 ജീവനക്കാരുമായി 60 ലക്ഷം ഫലസ്തീനികൾക്ക് ഇത് അവശ്യ സേവനങ്ങൾ നൽകുന്നു. ഇതിനിടെ ഇസ്രായേൽ, യു.എൻ ഏജൻക്കുമേൽ ഏർപ്പെടുത്തിയ നിരോധനത്തിൽ എതിർപ്പ് അറിയിച്ച് യു.കെ, ആസ്ട്രേലിയ, ജർമനി, ബെൽജിയം ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. അറബ് രാജ്യങ്ങളും കടുത്ത ഭാഷയിൽ പ്രതികരിച്ചു.
അതിനിടെ, ഗസ്സയിലെ ബന്ദികളുടെ മോചനവും വെടിനിർത്തലും ചർച്ച ചെയ്യാനായി ഇസ്രായേൽ പക്ഷത്തെ പ്രതിനിധികളിലെ മുതിർന്ന അംഗം ബ്രിഗേഡിയർ ജനറൽ ഒറെൻ സെറ്റർ രാജിവെച്ചു. ചർച്ചകളിൽ പുരോഗതിയില്ലാതെ സ്തംഭനം തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മൂന്ന് കപ്പലുകൾ ആക്രമിച്ച് ഹൂതികൾ
സൻആ: ചെങ്കടലിലും അറബിക്കടലിലും മൂന്ന് കപ്പലുകൾക്കു നേരെ ഹൂതി ആക്രമണം. എല്ലാ കപ്പലുകളും ലൈബീരിയൻ പതാക വഹിക്കുന്നവയാണ്. മൊട്ടാരോ എന്നു പേരുള്ള കപ്പൽ ഈജിപ്തിലെ സൂയസ് കനാൽ കടന്ന് ഷാങ്ഹായ് തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു. അറബിക്കടലിൽ ആക്രമണത്തിനിരയായ എസ്.സി മോൺട്രിയാലും മെഴ്സ്ക് കൗലൂണും ഒമാനിലെ സലാലയിലേക്ക് പോകുന്നതായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനുശേഷം 90 ലധികം വ്യാപാര കപ്പലുകളെ ഹൂതികൾ ലക്ഷ്യമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.