വെടിനിർത്തൽ ചർച്ച വഴിമുടക്കി ഇസ്രായേൽ
text_fieldsകൈറോ: ഇറ്റലിയിലെ റോമിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ച ഇസ്രായേലിന്റെ ചില ആവശ്യങ്ങളിൽ ഉടക്കിനിൽക്കുന്നതായി റിപ്പോർട്ട്. ഗസ്സ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി ഇടനാഴി എന്നറിയപ്പെടുന്ന സ്ഥലത്തും ഗസ്സയുടെ തെക്കും വടക്കും വേർതിരിക്കുന്ന ഹൈവേയിലും സൈന്യത്തെ നിലനിർത്തണമെന്ന ഇസ്രായേൽ ആവശ്യമാണ് ചർച്ചയുടെ വഴിമുട്ടിച്ചത്.
വെടിനിർത്തൽ യാഥാർഥ്യമായാലും ഈ ഭാഗത്തുനിന്ന് പിന്മാറില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഭാവിയിൽ ഹമാസ് ആയുധങ്ങൾ കടത്തുന്നതും തുരങ്കങ്ങൾ നിർമിക്കുന്നതും നിരീക്ഷിക്കാൻ സെൻസറുകൾ സ്ഥാപിക്കുകയാണ് ഇസ്രായേൽ പദ്ധതിയെന്നും വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ട രഹസ്യ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഇതേക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
ഗസ്സയുടെ തെക്കേ അറ്റത്തുള്ള റഫയിൽ ആക്രമണം ആരംഭിച്ചതിനുപിന്നാലെ മേയ് ആദ്യത്തിലാണ് ഈജിപ്തിനും ഗസ്സക്കുമിടയിലുള്ള ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം പിടിച്ചെടുത്തത്. ഫിലാഡൽഫി ഇടനാഴിയെയും റഫ വീണ്ടും തുറക്കുന്നതിനെയും കുറിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഇസ്രായേലുമായി ഭിന്നത നിലനിൽക്കുകയാണെന്നും ഈജിപ്ത് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ഹൈവേയിൽ സൈന്യത്തെ നിലനിർത്തണമെന്ന ഇസ്രായേൽ ആവശ്യം ഹമാസ് നേതൃത്വം തള്ളി. ഇതുസംബന്ധിച്ച് ഖത്തറിനും ഈജിപ്തിനും മറുപടി നൽകുമെന്നും ഹമാസ് വ്യക്തമാക്കി. സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിനുവേണ്ടി വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചർച്ച തുടരുമെന്ന് മധ്യസ്ഥർ രേഖമൂലം എഴുതിനൽകണമെന്ന് ഹമാസ് വീണ്ടും ആവശ്യപ്പെട്ടു.
സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി, ഈജിപ്ത് ഇൻറലിജൻസ് മേധാവി അബ്ബാസ് കമൽ, മൊസാദ് മേധാവി ഡേവിഡ് ബാർണിയ എന്നിവർ തമ്മിലാണ് വെടിനിർത്തൽ ചർച്ച നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.