യു.എസ് മുന്നറിയിപ്പും അവഗണിച്ചു; കൊടുംപട്ടിണിയിലുള്ള ഗസ്സയിലേക്ക് സഹായം തടഞ്ഞ് ഇസ്രായേൽ...
text_fieldsഗസ്സ സിറ്റി: യു.എസ് നൽകിയ സമയപരിധി അവസാനിച്ചിട്ടും കൊടും പട്ടിണിയിലേക്ക് നീങ്ങുന്ന ഗസ്സക്കുള്ള സഹായം ഇസ്രായേൽ തടയുന്നതായി അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ. ഗസ്സക്ക് അടിയന്തര സഹായം എത്തിക്കാൻ യു.എസ് നൽകിയ 30 ദിവസത്തെ സമയ പരിധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ഇസ്രായേൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സൈനിക സഹായം പിൻവലിക്കുമെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസിന്റെ 19 നിർദേശങ്ങളിൽ നാലെണ്ണം മാത്രമാണ് ഭാഗികമായി ഇസ്രായേൽ പാലിച്ചതെന്ന് എട്ട് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ തയാറാക്കിയ റിപ്പോർട്ട് പറഞ്ഞു.
അനേറ, കെയർ, മെഡ്ഗ്ലോബൽ, മേഴ്സി കോർപ്സ്, നോർവീജിയൻ റെഫ്യൂജി കൗൺസിൽ, ഓക്സ്ഫാം, റെഫ്യൂജീസ് ഇന്റർനാഷനൽ, സേവ് ദ ചിൽഡ്രൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. യു.എസ് നിർദേശ പ്രകാരം സഹായമെത്തിക്കുന്നതിൽ പരാജയപ്പെട്ടെന്ന് മാത്രമല്ല, ഉത്തര ഗസ്സയിലടക്കം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്ന നടപടികളാണ് ഇസ്രായേൽ സ്വീകരിക്കുന്നതെന്നും റിപ്പോർട്ട് പറഞ്ഞു. ഒരു മാസം മുമ്പുള്ളതിനേക്കാൾ മോശമായ സാഹചര്യമാണ് ഗസ്സയിലെന്നും സന്നദ്ധ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുമായി ദിവസം 350 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടുക, ആക്രമണത്തിൽ ഏറ്റവും നാശം നേരിട്ട ഉത്തര ഗസ്സയിൽ സന്നദ്ധ സംഘടനകളെ അനുവദിക്കുക, യു.എൻ സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനം തടയാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഒപ്പിട്ട കത്തിൽ ഉന്നയിച്ചിരുന്നത്.
സുരക്ഷിത മേഖലയിലും ബോംബിട്ടു
ദേർ അൽ ബലാഹ്: സുരക്ഷിത മേഖലകളിൽ ഇസ്രായേൽ സൈന്യം വീണ്ടും മുന്നറിയിപ്പില്ലാതെ ബോംബിട്ടു. രണ്ട് കുട്ടികളും സ്ത്രീയുമുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി മുവാസിയിലെ അഭയാർഥികളുടെ താൽക്കാലിക കഫ്റ്റീരിയയിലും ചൊവ്വാഴ്ച പുലർച്ച മധ്യ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിലും ദേർ അൽ ബലാഹിലുമായിരുന്നു ആക്രമണം. സുരക്ഷിത കേന്ദ്രമായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച മേഖലയാണ് മുവാസി.
അതേസമയം, ഉത്തര ഗസ്സ മുനമ്പിൽ തിങ്കളാഴ്ച നടന്ന സൈനിക നീക്കത്തിനിടെ ഇസ്രായേൽ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) അടക്കം അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേലി ഡിഫൻസ് ഫോഴ്സാണ് മരണം സ്ഥിരീകരിച്ചത്.
അതിനിടെ, ഹിസ്ബുല്ലയെ നിരായുധരാക്കുകയും അവർ ലിതാനി നദിയുടെ ഭാഗത്തേക്ക് പിൻവാങ്ങുകയും ചെയ്യുന്നതുവരെ ലബനാനിൽ ഏറ്റുമുട്ടൽ തുടരുമെന്ന് ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ലക്ഷ്യം പൂർത്തീകരിക്കുന്നതുവരെ ലബനാനിൽ വെടിനിർത്തലിന് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.