ഗസ്സയിലെ ഏക അർബുദ ആശുപത്രിയും ബോംബിട്ട് തകർത്തു
text_fieldsഗസ്സ സിറ്റി: അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾ വകവെക്കാതെ ഗസ്സയിലെ ആതുരാലയങ്ങൾ ലക്ഷ്യമിടുന്നത് തുടർന്ന് ഇസ്രായേൽ. ഏറ്റവും ഒടുവിൽ അർബുദ ചികിത്സക്ക് ഫലസ്തീനികൾ ആശ്രയിച്ചിരുന്ന ഏക ആശുപത്രി അധിനിവേശ സേന പൂർണമായും തകർത്തു. തൊട്ടടുത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനവും നാമാവശേഷമായി.
തുർക്കിയ നൽകിയ 3.4 കോടി ഡോളർ ഉപയോഗിച്ച് 2017ൽ നിർമിച്ച മധ്യ ഗസ്സയിലെ തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ് ആശുപത്രിയാണ് വെള്ളിയാഴ്ച ബോംബിട്ട് തകർത്തത്. ഇസ്രായേൽ ആക്രമണത്തിനുശേഷം ആശുപത്രി കെട്ടിടത്തിൽനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബർ 30ന് ഇസ്രായേൽ ആക്രമണത്തിൽ ആശുപത്രിയുടെ മൂന്നാം നില തകർന്നിരുന്നു. നെറ്റ്സരീം ഇടനാഴിയിൽ സൈനിക നടപടി വ്യാപിപ്പിക്കുകയാണെന്നും സലാഹുദ്ദീൻ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശുപത്രിയിൽ ബോംബിട്ടത്. ആശുപത്രി തകർന്നതോടെ ആയിരക്കണക്കിന് അർബുദ രോഗികളുടെ ചികിത്സ വഴിമുട്ടിയെന്ന് അൽ ജസീറ ലേഖകൻ താരീഖ് അബു അസൂം റിപ്പോർട്ട് ചെയ്തു. ഇന്ധന ക്ഷാമത്തെ തുടർന്ന് 2023 നവംബർ ഒന്നിന് പ്രവർത്തനം അവസാനിപ്പിച്ച ആശുപത്രി ഇസ്രായേൽ സൈന്യം കമാൻഡ് സെന്ററായി ഉപയോഗിച്ചു വരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി പൂർണമായും തകർത്തെന്ന റിപ്പോർട്ട് ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ആശുപത്രി കെട്ടിടം ഹമാസ് ഉപയോഗിച്ചുവരുകയായിരുന്നെന്നും സേന അവകാശപ്പെട്ടു. ഇസ്രായേൽ സേനയുടെ നടപടിയെ തുർക്കിയ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഗസ്സ വാസയോഗ്യമല്ലാതാക്കാനും ഫലസ്തീനികളെ നാടുകടത്താനുമുള്ള ഇസ്രായേലിന്റെ ബോധപൂർവമായ നടപടിയാണിതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.