
രണ്ടു വർഷത്തിനിടെ സിറിയയിലേക്ക് എണ്ണ കൊണ്ടുവന്ന 12 കപ്പലുകൾ ബോംബിട്ട് ഇസ്രായേൽ
text_fieldsടെൽ അവീവ്: കഴിഞ്ഞ രണ്ടു വർഷത്തിനിടെ അയൽ രാജ്യമായ സിറിയയിലേക്ക് എണ്ണ കൊണ്ടുവന്ന ഒരു ഡസൻ കപ്പലുകൾക്കുനേരെയെങ്കിലും ഇസ്രായേൽ ബോംബ് വർഷിച്ചതായി വെളിപ്പെടുത്തൽ. യു.എസ് ഉദ്യോഗസ്ഥരെയുൾപടെ ഉദ്ധരിച്ച് മുൻനിര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. നേരിട്ട് ബോംബുവർഷം നടത്തുന്നതിന് പകരം ജല കുഴിബോംബുകൾ സ്ഥാപിച്ചും മറ്റുമാണ് ഇവക്കെതിരെ ആക്രമണം നടത്തിയത്. ഇറാന്‍റെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടവയിലേറെയും.
സിറിയയിൽ ഇറാൻ ഇടപെടുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നിരവധി തവണ ബോംബാക്രമണങ്ങൾ നടത്തിയതിന്‍റെ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കരയിലെന്ന പോലെ കടലിലും ആക്രമണം നടന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നതാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തൽ.
എണ്ണ കടത്തിനു പുറമെ ആയുധ കൈമാറ്റവും തിരിച്ചറിഞ്ഞ് ഇസ്രായേൽ ആക്രമണം നടത്തി. എണ്ണ കടത്ത് ഇറാന് സാമ്പത്തിക ലാഭം നൽകുമെന്ന് കണ്ടായിരുന്നു പിന്തിരിപ്പിക്കൽ. കപ്പലുകൾ തകർന്നില്ലെങ്കിലും തിരിച്ചുപോകാൻ നിർബന്ധിതമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ ഇസ്രായേൽ ടാങ്കർ ഹെലിയോസ് റേ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് പിന്നിലെന്ന് ഇസ്രായേൽ ആരോപിക്കുകയും ചെയ്തു. ആരോപണം ഇറാൻ നിഷേധിച്ചു. സമാനമായി, സിറിയയിലേക്കുള്ള മാർഗമധ്യേ ഇറാൻ ടാങ്കറിൽനിന്ന് ഒഴുകിയ എണ്ണ ഇസ്രായേൽ തീരത്ത് അടിഞ്ഞുകൂടിയിരുന്നു. ഇത് ബോധപൂർവം ഒഴുക്കിക്കളഞ്ഞതാണെന്നായിരുന്നു ഇസ്രാേയൽ ആരോപണം. എന്നാൽ, നേരത്തെ നടന്ന ആക്രമണങ്ങൾക്കു സമാനമായ നീക്കത്തിൽ എണ്ണ ഒഴുകിയതാണോയെന്നും വ്യക്തമല്ല.
ഇറാനെ വരുതിയിൽ നിർത്താനെന്നു പറഞ്ഞ് ഏറെയായി ഇസ്രായേൽ ആക്രമണം തുടർക്കഥയാണ്. ഏറ്റവുമൊടുവിൽ ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞൻ അടുത്തിടെ കൊല്ലപ്പെട്ടത് ഇസ്രായേൽ ആക്രമണത്തിലായിരുന്നു.
യു.എസുമായി സഹകരിച്ചാണ് മിക്കപ്പോഴും ഇസ്രായേൽ മേഖലയിൽ സൈനിക നീക്കങ്ങൾ നടത്തുന്നത്. ഡോണൾഡ് ട്രംപ് പൂർണമായി ഇസ്രായേൽ നീക്കങ്ങളെ പിന്തുണച്ചപ്പോൾ പുതുതായി അധികാരമേറ്റ ബൈഡൻ എത്രകണ്ട്പിന്തുണക്കുമെന്ന ആശങ്ക ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.