അഭയാർഥികളുടെ ടെന്റിലും ക്യാമ്പിലും ബോംബിട്ട് ഇസ്രായേൽ; 26 മരണം
text_fieldsഗസ്സ സിറ്റി: ഹിസ്ബുല്ലയിൽനിന്നുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കുപിന്നാലെ, ഗസ്സ കുരുതിക്കളമാക്കി ഇസ്രായേൽ. ദൈർ അൽ ബലഹിലെ അൽ അഖ്സ ആശുപത്രിയോട് ചേർന്ന് ഫലസ്തീൻ അഭയാർഥികൾ താമസിക്കുന്ന ടെന്റുകൾ ബോംബാക്രമണത്തിൽ ചുട്ടെരിച്ച ഇസ്രായേൽ സേന നുസൈറാത്തിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനും ബോംബിട്ടു.
സ്കൂൾ ആക്രമണത്തിൽ 22 ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. ടെന്റുകൾക്കൊപ്പം നാലുപേർ ചാരമായി. രണ്ടിടങ്ങളിലും സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് ഗുരുതര പരിക്കേറ്റു. ലബനാനിൽ ഇസ്രായേലിന്റെ പ്രത്യാക്രമണം തിങ്കളാഴ്ചയും തുടരുകയാണ്. ഹിസ്ബുല്ല കമാൻഡർ മുഹമ്മദ് കമാൽ നഈമിനെ വധിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. അയ്തൂ ഗ്രാമത്തിൽ 18 പേർ കൊല്ലപ്പെട്ടു.
ലബനാൻ അധിനിവേശത്തിനുശേഷം ഹിസ്ബുല്ലയിൽനിന്ന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയിൽ നാല് ഇസ്രായേൽ സൈനികർ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടു. 61 സൈനികർക്ക് പരിക്കേറ്റു.
അതേസമയം, ലബനാനിലെ യു.എൻ സമാധാന സേന ആസ്ഥാനത്തിന്റെ ഗേറ്റുകൾ തകർക്കുകയും വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഇസ്രായേൽ നടപടിയിൽ ലോകരാജ്യങ്ങൾ പ്രതിഷേധിച്ചു. ഇസ്രായേൽ നടപടി യുദ്ധക്കുറ്റമാണെന്നും ആശങ്കയുളവാക്കുന്നതാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.