ബൈറൂതിൽ വീണ്ടും ബോംബിട്ട് ഇസ്രായേൽ; നാല് മരണം
text_fieldsബൈറൂത്: തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല മുന്നറിയിപ്പിന് പിന്നാലെ ലബനാനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ചൊവ്വാഴ്ച പുലർച്ച നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂത്തിലെ തെക്കൻ മേഖലയിലുള്ള ഹായ് മാദിയിലായിരുന്നു മുന്നറിയിപ്പില്ലാത്ത ആക്രമണം. ഹിസ്ബുല്ല ഉദ്യോഗസ്ഥൻ ഹസ്സൻ ബിദെറും മകനും കൊല്ലപ്പെട്ടതായി രഹസ്യ വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ അയൽവാസികളായ സ്ത്രീയും യുവാവുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മൂന്ന് നില വ്യോമാക്രമണത്തിൽ തകരുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഹമാസിനെ സഹായിച്ച ഹിസ്ബുല്ല നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെതിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്നും അവർ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തെ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ അപലപിച്ചു. പരമാധികാരം ലംഘിക്കുന്നവരെയും കാരണംപറഞ്ഞ് നുഴഞ്ഞുകയറുന്നവരെയും നാം തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തിനു ശേഷം പ്രതികരണവുമായി ഹിസ്ബുല്ല രംഗത്തെത്തി. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മുതിർന്ന ഹിസ്ബുല്ല പാർലമെന്റംഗം അലി അമ്മാർ പറഞ്ഞു. അതേസമയം, യുദ്ധം അടിച്ചേൽപിച്ചാൽ ആക്രമണം തടയാൻ ഹിസ്ബുല്ല തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.