ഗസ്സ സ്കൂളിൽ ഇസ്രായേൽ ബോംബാക്രമണം; 28 മരണം
text_fieldsഗസ്സ സിറ്റി: ൈദർ അൽ ബലഹിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 മരണം. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. 54 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. സ്കൂൾ കേന്ദ്രീകരിച്ച് ഹമാസിന്റെ സൈനിക കേന്ദ്രമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, ഇക്കാര്യം ഹമാസ് നിഷേധിച്ചിട്ടുണ്ട്.
ദൈർ അൽ ബലഹിലെ മൂന്ന് ആശുപത്രികളിൽനിന്ന് രോഗികളെ ഒഴിപ്പിക്കാനും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യൻ, അൽ അവ്ദ, കമാൽ അദ്വാൻ ആശുപത്രികൾക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചത്. ജബലിയ, ബൈത് ഹാനൂൻ, ബൈത് ലാഹിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിട്ട് സൈനിക നീക്കവും നടക്കുന്നുണ്ട്. ആറുദിവസം മുമ്പ് തുടങ്ങിയ കരയാക്രമണത്തിൽ ഇതുവരെ 130 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 42,065 ആയി. 97,886 പേർക്ക് പരിക്കേറ്റു.
ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമാണ്. ലബനാന്റെ ദക്ഷിണ അതിർത്തിയായ റാസ് അൽ നഖുറയിൽ ഇസ്രായേലിന്റെ സൈനിക ടാങ്ക് റോക്കറ്റാക്രമണത്തിൽ തകർത്തതായി ഹിസ്ബുല്ല അറിയിച്ചു. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ലബനാൻ നാഖൂറയിലെ പ്രധാന താവളത്തിനുനേരെ ഇസ്രായേൽ സേന വെടിവെപ്പ് നടത്തി. രണ്ട് സൈനികർക്ക് പരിക്കേറ്റു.
ഇസ്രായേലിന്റെ ഇറാൻ ആക്രമണം ആസന്നമാണെന്ന ആശങ്ക നിലനിൽക്കെ, യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ബുധനാഴ്ച രാത്രി ടെലിഫോൺ സംഭാഷണം നടത്തി. ലബനാനിലെ ആക്രമണത്തിൽ സിവിലിയൻ മരണങ്ങൾ പരമാവധി ഒഴിവാക്കണമെന്ന നിർദേശം ബൈഡൻ മുന്നോട്ടുവെച്ചതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.