വീടിനും ആംബുലൻസിനും മേൽ ബോംബിട്ട് ഇസ്രായേൽ; സൗഹൃദ വെടിയിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: വടക്കൻ ഗസ്സയിലെ ജബാലിയ, തെക്ക് റഫ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യവും ഹമാസും ശക്തമായ പോരാട്ടത്തിൽ. ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും നിരവധി പേർക്ക് പരിക്കേൽപിച്ചതായും ഹമാസ് അവകാശപ്പെട്ടു. അഞ്ച് ഇസ്രായേലി സൈനികർ തങ്ങളുടെ തന്നെ സഹപ്രവർത്തകരുടെ വെടിയേറ്റും മരിച്ചു. പോരാട്ടം നടക്കുന്ന ജബാലിയയിലാണ് അബദ്ധത്തിൽ സൈനികർ സ്വന്തക്കാരെ വധിച്ചത്.
വീടുകൾക്കും ആംബുലൻസിനും മേൽ ബോംബ് വർഷിച്ചാണ് ഇസ്രായേൽ പ്രതികാരം ചെയ്തത്. അൽ ഔദ ആശുപത്രിയിലെ ആംബുലൻസിൽ ബോംബുവീണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ജബാലിയയിലെ വീടിനുമേൽ ബോംബിട്ട് ഗർഭിണി ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തി. ഖാൻ യൂനിസിൽ വീട്ടിൽ ഷെല്ലാക്രമണം നടത്തി അഞ്ച് ഫലസ്തീനികളെ വധിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിൽ 39 പേർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,272 ആയി. 79,205 പേർക്ക് പരിക്കേറ്റു.
അതിനിടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനി മണി എക്സ്ചേഞ്ച് കമ്പനിയുടെ 11 ബ്രാഞ്ചുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി 40 ലക്ഷം ഷെക്കൽ (ഏകദേശം 10 ലക്ഷം ഡോളറിൽ കൂടുതൽ) പിടിച്ചെടുത്തു.
വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടവർ 500 കവിഞ്ഞു
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലി സൈനികരും കുടിയേറ്റക്കാരും കൊലപ്പെടുത്തിയ ഫലസ്തീനികൾ 502 ആയി. വ്യാഴാഴ്ച മൂന്ന് യുവാക്കളെ വെസ്റ്റ് ബാങ്കിലെ തുൽകറമിൽ കൊലപ്പെടുത്തി. 4,950 പേർക്ക് പരിക്കേറ്റു. 39,85 പേർ അഭയാർഥികളായി. 8,088 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. വീടുകളും പള്ളികളും അഭയാർഥി ക്യാമ്പുകളും ഉൾപ്പെടെ 648 നിർമിതികൾ തകർത്തു.
റഫയിൽ ഭക്ഷണ വിതരണം നിർത്തി വേൾഡ് ഫുഡ് പ്രോഗ്രാം
ഗസ്സ: ഇസ്രായേലിന്റെ ശക്തമായ ആക്രമണം നടക്കുന്ന റഫയിൽ സുരക്ഷ മുൻനിർത്തി ഭക്ഷണ വിതരണം നിർത്തിയതായി യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മേയ് 11 മുതൽ യു.എന്നിന്റെ ഭക്ഷണ വിതരണം നടക്കുന്നില്ല.
ഖാൻ യൂനിസ്, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിൽ പരിമിത തോതിൽ ഭക്ഷണ വിതരണം നടത്തുന്നതായി അധികൃതർ പറഞ്ഞു. റഫ- ഈജിപ്ത് അതിർത്തി ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത് അടച്ചത് കാരണം ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.