ഗസ്സയിൽ അഞ്ചുദിവസം മുമ്പ് എത്തിച്ച മരുന്ന് ഇസ്രായേൽ നശിപ്പിച്ചു
text_fieldsഗസ്സ: ഗസ്സയിലേക്ക് അഞ്ചു ദിവസം മുമ്പ് എത്തിച്ച മരുന്നുകൾ ഇസ്രായേൽ സൈന്യം നശിപ്പിച്ചു. വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലെ മരുന്ന് ശേഖരവും ചികിത്സ ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. നാല് ആരോഗ്യ ജീവനക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബാൻഡേജും അണുനാശിനിയും ഗ്ലൗസുമെല്ലാം നശിപ്പിച്ചു. ജലസംഭരണിയും തകർത്തു.
ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകർക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മർദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത.
നിസ്സഹായരായ ജനങ്ങൾക്ക് മേൽ ബോംബ് വർഷിക്കുന്നതിന് പുറമെ ഭക്ഷണവും ചികിത്സയും തടഞ്ഞ് ഒരുനിലക്കും ജീവിക്കാൻ അനുവദിക്കില്ലെന്ന ക്രൂര നിലപാടിലാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിലേക്ക് ആളുകൾ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി നശിപ്പിക്കുകയാണ്. അതേസമയം, താൽക്കാലിക വെടിനിർത്തലിനില്ലെന്ന് ഹമാസ് ആവർത്തിച്ചു.
ഗസ്സയിൽനിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് താഹിർ നുനു പറഞ്ഞു. ഏതാനും ബന്ധികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ കാലാവധിക്ക് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നതിനാൽ താൽക്കാലിക വെടിനിർത്തലിൽ കാര്യമില്ലെന്നും പൂർണ യുദ്ധവിരാമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.