അസദിന്റെ പതനം ആഘോഷിക്കുന്നതിനിടെ ഡമാസ്കസിൽ ഇസ്രായേൽ ആക്രമണം
text_fieldsഡമാസ്കസ്: ബശ്ശാറുൽ അസദിന്റെ പതനം ആഘോഷിക്കുന്നതിനിടെ ഡമാസ്കസിൽ ഇസ്രായേൽ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് ആമിയുടെ ഫോർത്ത് ഡിവിഷനേയും റഡാർ ബറ്റാലിയനേയും ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം ഉണ്ടായത്. അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സിറിയയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് അറബ് ലീഗ് രംഗത്തെത്തി. രണ്ട് രാജ്യങ്ങൾക്കിടയിലെ ബഫർസോണിലേക്ക് ഇസ്രായേൽ കടന്നുകയറിയതിലാണ് വലിയ വിമർശനം ഉണ്ടായത്. തുർക്കിയയും ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തി. ആഭ്യന്തരമന്ത്രി യാസിർ ഗുലാറാണ് വിമർശനം ഉന്നയിച്ചത്. മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.സിറിയ, ലബനാൻ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികളെ തുർക്കിയ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയ വിഷയത്തിൽ ഇടപെടാൻ ജോർദാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജോർദാൻ ഉച്ചകോടി സംഘടിപ്പിക്കും. സൗദി അറേബ്യ, ഇറാഖ്, ലബനാൻ, ഈജിപ്ത്, യു.എ.ഇ, ബഹറൈൻ, ഖത്തർ, തുർക്കിയ, യു.എസ്, യുറോപ്യൻ യൂണിയൻ, യു.എൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ച പതിനായിരത്തോളം ആളുകളാണ് അസദിന്റെ പതനം ആഘോഷിക്കുന്നതിനായി തെരുവുകളിൽ ഒത്തുകൂടിയത്.
സിറിയയിൽ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാൻ മേഖലയിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിറിയയിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുത്തില്ലെങ്കിൽ മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിലാണ് ബ്ലിങ്കന്റെ നയതന്ത്ര നീക്കങ്ങൾ.
സിറിയയുടെ ഭാവി സംബന്ധിച്ച് തുർക്കിയയും യു.എസും തമ്മിൽ വ്യക്തമായ ധാരണയുണ്ടെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ ബ്ലിങ്കൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.