റഫയിൽ അഭയാർഥികളുടെ തമ്പിൽ ഇസ്രായേൽ ബോംബിട്ടു; 11 മരണം
text_fieldsഗസ്സ: ഗസ്സയിലെ റഫയിൽ അഭയാർഥികൾ താമസിച്ച തമ്പിൽ ഇസ്രായേൽ ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി. ഇതിൽ കൂടുതലും കുട്ടികളാണെന്ന് റിപ്പോർട്ടുണ്ട്. ഇവരടക്കം 90 പേരാണ് 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു.
പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുന്നത് തുടരുകയാണ്. ഏതാനും ദിവസത്തിനിടെ 15 പിഞ്ചുകുട്ടികളാണ് പോഷകാഹാരക്കുറവും നിർജലീകരണവും കാരണം മരിച്ചത്. ദൈർ അൽ ബലാഹ്, ഖാൻ യൂനുസ് എന്നിവിടങ്ങളിലും ബോംബാക്രമണം നടത്തി.
ദൈർ അൽ ബലാഹിൽ മാനുഷികസഹായം വിതരണംചെയ്യുന്ന വാഹനത്തിനുമേലും ബോംബിട്ടു. ഈ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തി സന്നദ്ധ സംഘടന കൊടുത്തയച്ച സാധനങ്ങളായിരുന്നു വാഹനത്തിൽ. അന്താരാഷ്ട്ര സമ്മർദങ്ങളെ അവഗണിച്ച് സാധാരണക്കാരെ നിഷ്കരുണം കൊല്ലുകയാണ് ഇസ്രായേൽ ചെയ്യുന്നത്.
അതിനിടെ, അമേരിക്ക ഞായറാഴ്ച ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ ആകാശത്തുനിന്ന് വിതറി. ഇസ്രായേലിന്റെ വംശഹത്യക്ക് നിരുപാധിക പിന്തുണ നൽകുന്നത് രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് യു.എസിന്റെ എയർ ഡ്രോപ്പിങ്.
മധ്യസ്ഥർ ഈജിപ്തിൽ; പ്രതീക്ഷ
ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാൻ ഖത്തർ, യു.എസ്, ഇസ്രായേൽ പ്രതിനിധികൾ ഈജിപ്തിൽ. ഹമാസിന്റെ പ്രതിനിധികളും കൈറോയിൽ എത്തിയിട്ടുണ്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന റമദാനുമുമ്പ് വെടിനിർത്തൽ സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ഏറിയോ കുറഞ്ഞോ ഇസ്രായേൽ വെടിനിർത്തലിന് സന്നദ്ധമായിട്ടുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പ്രതീക്ഷ പകരുന്നതാണ്.
തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ അംഗീകരിക്കാൻ ഇസ്രായേൽ സന്നദ്ധമാവുകയാണെങ്കിൽ ബന്ദി കൈമാറ്റത്തിന് രണ്ടുദിവസം മതിയെന്ന് ഹമാസ് പ്രതികരിച്ചു. റമദാനുമുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.