പുതിയ ഹിസ്ബുല്ല തലവന്‍റെ നിയമനം താൽക്കാലികം; അധികകാലം വാഴില്ലെന്നും ഇസ്രായേൽ ഭീഷണി
text_fieldsജറൂസലം: പുതിയ ഹിസ്ബുല്ല തലവൻ നഈം ഖാസിമിന്‍റെ നിയമനം താൽക്കാലികമാണെന്നും അദ്ദേഹം അധികകാലം വാഴില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍റ്.
ഇസ്രായേൽ വധിച്ച ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ലയുടെ പിൻഗാമിയായി ചൊവ്വാഴ്ച നഈം ഖാസിമിനെ സംഘടന പ്രഖ്യാപിച്ചിരുന്നു. ലബനാനിലെ ശിയാ പ്രസ്ഥാനത്തിന്റെ നേതാവായി അണികളും പുറംലോകവും ആദരിച്ച നസ്റുല്ല കൊല്ലപ്പെട്ട് ഒരു മാസത്തിനുശേഷമാണ് അഞ്ചംഗ ശൂറാ കൗൺസിൽ നഈം ഖാസിമിനെ തെരഞ്ഞെടുത്തത്.
തൊട്ടുപിന്നാലെയാണ് ഗാലന്‍റിന്‍റെ ഭീഷണി. ‘താൽക്കാലിക നിയമനം. അധികകാലം വാഴില്ല’ -ഗാലന്‍റ് എക്സിൽ പോസ്റ്റ് ചെയ്തു. നഈം ഖാസിമിന്‍റെ ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ‘കൗണ്ട് ഡൗൺ തുടങ്ങി’ എന്ന് ഹീബ്രു ഭാഷയിലും എക്സിൽ പോസ്റ്റിട്ടിട്ടുണ്ട്. 1982ൽ ഹിസ്ബുല്ലക്ക് രൂപം നൽകിയ സ്ഥാപക നേതാക്കളിലൊരാളാണ് 71കാരനായ നഈം ഖാസിം.
ലബനാനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ നസ്റുല്ലക്ക് പുറമെ, സംഘടനയിലെ മറ്റു പ്രമുഖരും കൊല്ലപ്പെട്ടിരുന്നു. പിൻഗാമിയാകുമെന്ന് കരുതിയ നസ്റുല്ലയുടെ ബന്ധുകൂടിയായ ഹാശിം സഫിയുദ്ദീനും കൊല്ലപ്പെട്ടതായി അടുത്തിടെ സംഘടന സ്ഥിരീകരിച്ചു. പിന്നാലെയാണ് നഈം ഖാസിമിനെ പ്രഖ്യാപിച്ചത്. 1982ൽ ഹിസ്ബുല്ലക്ക് രൂപം നൽകിയ സ്ഥാപക നേതാക്കളിലൊരാളാണ് 71കാരനായ നഈം ഖാസിം.
1991ൽ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് മൂസവി അദ്ദേഹത്തെ ഉപമേധാവിയായി പ്രഖ്യാപിച്ചു. തൊട്ടടുത്ത വർഷം ഇസ്രായേലി ഹെലികോപ്ടർ മൂസവിയെ കൊലപ്പെടുത്തി. തുടർന്ന്, ഹസൻ നസ്റുല്ല നേതാവായപ്പോഴും ഇതേ പദവി നിലനിർത്തി. പാർട്ടി വക്താവായും പൊതുരംഗത്ത് നഈം ഖാസിം നിറഞ്ഞുനിന്നു. നസ്റുല്ല കൊല്ലപ്പെട്ട ശേഷവും മൂന്നുതവണ ടെലിവിഷനിൽ രാജ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്.
അതേസമയം, തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 77 പേരാണ് മരിച്ചത്.
കൂടുതൽ മേഖലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ കടന്നുകയറി. അതിർത്തിയിൽനിന്ന് ആറുകിലോമീറ്റർ ഉള്ളിൽ തെക്കൻ മേഖലയിലെ ഖിയാമിലാണ് പുതിയ ആക്രമണം. ത്വെയ്ർ ഹർഫ, ഖസ്റുൽ അഹ്മർ, ജബൽ ബത്മ്, സെബ്ഖിൻ തുടങ്ങി നിരവധി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.