ശ്രീലങ്കയിലെ ഇസ്രായേൽ പൗരൻമാർ റിസോർട്ടുകളിൽ നിന്ന് മാറാൻ മുന്നറിയിപ്പ്; ‘ഇസ്രായേലികളെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ മറയ്ക്കണം’
text_fieldsതെൽഅവീവ്: ശ്രീലങ്കയിലെ റിസോർട്ട് മേഖലയിൽ വിനോദയാത്രക്കും മറ്റും വന്ന ഇസ്രായേൽ പൗരന്മാരോട് അവിടെ നിന്ന് വിട്ടുപോകാൻ ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലിന്റെ (എൻ.എസ്.സി) മുന്നറിയിപ്പ്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പൗരൻമാരോട് മാറിനിൽക്കാൻ ആഹ്വാനം ചെയ്തത്.
ശ്രീലങ്കയിലെ അരുഗം ബേ മേഖലയിലും ദ്വീപിന്റെ തെക്കും പടിഞ്ഞാറുമുള്ള മറ്റ് ബീച്ചുകളിലും ഉള്ള ഇസ്രായേലികൾ ഉടൻ മാറണമെന്നാണ് അറിയിപ്പ്. പൗരന്മാരെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
“ഈ പ്രദേശങ്ങളിൽനിന്ന് മാറുന്നവർ രാജ്യം വിടുകയോ അല്ലെങ്കിൽ ശ്രീലങ്കൻ സുരക്ഷാ സേനയുടെ സജീവ സാന്നിധ്യമുള്ള തലസ്ഥാനമായ കൊളംബോയിലേക്ക് പോകുകയോ ചെയ്യണം’ - എൻ.എസ്.സി പ്രസ്താവനയിൽ പറഞ്ഞു. ശ്രീലങ്കയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്ര ഇസ്രായേലികൾ മാറ്റിവെക്കണം. തങ്ങൾ ഇസ്രായേലികളാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ മറയ്ക്കാനും കൂടുതൽ പേർ ഒത്തുകൂടുന്നത് ഒഴിവാക്കാനും എൻ.എസ്.സി ആവശ്യപ്പെട്ടു.
ശ്രീലങ്കൻ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു. പ്രശസ്ത സർഫിങ് മേഖലകളിൽ ഇസ്രായേലി യാത്രക്കാർക്ക് ഭീഷണിയുണ്ടാകുമെന്ന് ശ്രീലങ്കയിലെ യു.എസ് എംബസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കിഴക്കൻ അരുഗം ബേയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കുമെന്ന് വിശ്വസനീയമായ മുന്നറിയിപ്പ് ലഭിച്ചതായാണ് എംബസി അറിയിച്ചത്. ഇതേതുടർന്ന് വിനോദസഞ്ചാരികൾക്ക് ശ്രീലങ്കൻ പൊലീസ് കൂടുതൽ സുരക്ഷ ഉറപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.