ഗസ്സയെ സഹായിക്കുന്നവരുടെ വഴിമുടക്കി ഇസ്രായേൽ; അതിർത്തികൾ അടച്ചു, ട്രക്കുകൾ പാതിവഴിയിൽ കുടുങ്ങി
text_fieldsജറൂസലം: ഗസ്സയിൽ തുടരുന്ന മനുഷ്യക്കുരുതിക്കിടെ സഹായഹസ്തവുമായെത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രായേൽ. നരകയാതന അനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാൻ മരുന്നും ഭക്ഷണവുമുൾപ്പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രക്കുകളുടെ വ്യൂഹം ഫലസ്തീൻ അതിർത്തികടക്കാനിരിക്കെയാണ് റോഡ് അടച്ചത്.
കരേം അബു സേലം വഴി ഗസ്സയിലേക്കുള്ള പ്രവേശന വഴിയാണ് ഇസ്രായേൽ നിഷ്കരുണം അടച്ചത്. സഹായം കൈമാറാൻ ഈ അതിർത്തി തുറന്നതായി ഇസ്രായേലിന്‍റെ അതിർത്തി സംരക്ഷണ വിഭാഗം (കോഗാറ്റ്) പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അടുച്ചുപൂട്ടിയതയി പ്രഖ്യാപനം വന്നത്. പ്രദേശത്ത് മോർട്ടാർ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് നിസ്സാര പരിക്കേറ്റുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കരേം അബു സേലം, ബൈത്ത് ഹനൂൻ അതിർത്തികൾ അടച്ചാൽ ഗസ്സയുടെ സ്ഥിതി ഗുരുതരമാകുമെന്നും ജനത വീർപ്പുമുട്ടുമെന്നും നോർവീജിയൻ അഭയാർത്ഥി സമിതിയിലെ മിഡിൽ ഈസ്റ്റ് മാധ്യമ ഉപദേഷ്ടാവ് കാൾ സ്കിംബ്രി 'അൽ ജസീറ'യോട് പറഞ്ഞു. ''ഇസ്രായേൽ അതിക്രമത്തിൽ നരകിക്കുന്ന ജനങ്ങൾക്ക് അവശ്യവസ്തുക്കളും മാനുഷിക സഹായവും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇത് സുരക്ഷിതമായി എത്തിക്കാനുള്ള മാർഗം ഇസ്രായേൽ ഉറപ്പ് നൽകണം''-അേദ്ദഹം പറഞ്ഞു.
''വെടിനിർത്തൽ നടപ്പാക്കുകയും മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യണം. സന്നദ്ധസംഘങ്ങൾക്ക് ഗസ്സയിൽ പ്രവേശിച്ച് സാധാരണക്കാരുടെ ആവശ്യങ്ങൾ മനസിലാക്കാൻ ഇത് അനിവാര്യമാണ്. ബോംബ് വർഷം തുടരുേമ്പാൾ സഹായവിതരണം സാധ്യമല്ല.'' -സ്കിംബ്രി വ്യക്തമാക്കി.
ഗസ്സയിൽ ഒരാഴ്ച പിന്നിട്ട ഇസ്രയേൽ അക്രമത്തിൽ 63 കുട്ടികൾ ഉൾപ്പെടെ 219 പേരാണ് ഇതിനകം മരിച്ചുവീണത്. 1500 പേർക്ക് സാരമായി പരിക്കേറ്റു. 450 ഓളം കെട്ടിടങ്ങൾ തകർത്തു. 52,000 ത്തിലധികം ഫലസ്തീനികൾ ഭവനരഹിതരായി പലായനം ചെയ്തതായും ഐക്യരാഷ്ട്രയുടെ സഹായ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.