ഇസ്രായേൽ നരനായാട്ട് നടത്തിയത് അമേരിക്കയുമായി കൂടിയാലോചിച്ച്; ഗസ്സയിൽ കൊല്ലപ്പെട്ടവർ 244 ആയി
text_fieldsഖാൻ യൂനിസിലെ നസർ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പരിശോധിക്കുന്നവർ (ഫോട്ടോ: Abdallah F.s. Alattar/Anadolu)
വാഷിങ്ടൺ: ഹമാസുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ച തീരുമാനമാകാത്തതിനെ തുടർന്ന് വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ നടത്തിയ രൂക്ഷമായ വ്യോമാക്രമണം അമേരിക്കയുമായി കൂടിയാലോചിച്ച ശേഷം. വൈറ്റ് ഹൗസ് വക്താവ് ഫോക്സ് ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തോടും വൈറ്റ് ഹൗസിനോടും കൂടിയാലോചിച്ചിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികൾ, ഇറാൻ.... ഇസ്രായേലിനെ മാത്രമല്ല, അമേരിക്കയെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും വില നൽകേണ്ടിവരും. എല്ലാം നരകമാകും... -വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അല്ലെങ്കിൽ ഗസ്സ നരകമാക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ജനുവരി 19 ന് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയശേഷം, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും രൂക്ഷമായ വ്യോമാക്രമണ പരമ്പരയാണ് ഇന്ന് പുലർച്ചെയുണ്ടായത്. ജബാലിയ, ഗസ്സ സിറ്റി, നുസൈറാത്ത്, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ് എന്നിവയുൾപ്പെടെ വടക്കുനിന്ന് തെക്ക് വരെയുള്ള ഗസ്സ മുനമ്പിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായ വ്യോമാക്രമണ പരമ്പര തന്നെയാണ് നടന്നത്.
മരണം 244 ആയതായാണ് റിപ്പോർട്ട്. ഇസ്രായേൽ റമദാനിൽ നടത്തിയ ക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 200ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
ഗസ്സയിലെ ജനങ്ങൾക്കെതിരായ സയണിസ്റ്റ് ഉന്മൂലന യുദ്ധം പുനരാരംഭിക്കുന്നതിനെ എതിർക്കാൻ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങളോടും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളോടും ആവശ്യപ്പെടുന്നതായി ഹമാസ് പ്രതികരിച്ചു. യുദ്ധത്തിലേക്ക് മടങ്ങാനുള്ള നെതന്യാഹുവിന്റെ തീരുമാനം അധിനിവേശ തടവുകാരെ ബലിയർപ്പിക്കാനും അവർക്കെതിരെ വധശിക്ഷ വിധിക്കാനുമുള്ള തീരുമാനമാണ്. ചർച്ചകളിലൂടെ നേടാൻ കഴിയാത്തത് യുദ്ധത്തിലൂടെയും നാശത്തിലൂടെയും ശത്രുവിന് നേടാനാവില്ലെന്നും ഹമാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.