ആക്രമണം നിർത്താതെ ഇസ്രായേൽ; അമേരിക്ക നിലപാട് കടുപ്പിക്കുന്നു
text_fieldsഗസ്സസിറ്റി: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ യു.എന്നിെൻറ ആഭിമുഖ്യത്തിൽ നയതന്ത്ര നീക്കം തുടരുന്നതിനിടെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പാർപ്പിട സമുച്ചയങ്ങളിലാണ് ബോംബുകൾ പതിച്ചത്. വ്യോമാക്രമണത്തിൽ പത്രപ്രവർത്തകനടക്കം ആറ് ഫലസ്തീനികൾ ഗസ്സയിൽ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തിൽ അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ പൊലീസ് വെടിവെപ്പിൽ നാല് ഫലസ്തീൻകാർ കൊല്ലെപ്പട്ടു. ബോംബാക്രമണത്തിന് തിരിച്ചടിയായി ദക്ഷിണ ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമാക്കി ഹമാസ് അമ്പതിലേറെ റോക്കറ്റുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് വ്യക്തമല്ല.
അതിനിടെ, ഗസ്സയിൽ വെടിനിർത്തലിനു വേണ്ടിയുള്ള കോൺഗ്രസ് അംഗങ്ങളുടെയും അന്താരാഷ്ട്ര തലത്തിലെയും സമ്മർദം അധികം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അറിയിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ നിർണായകമായ നടപടികൾ ഉണ്ടാവുമെന്ന് യു. എസ് പ്രതീക്ഷിക്കുന്നതായി ബൈഡൻ പറഞ്ഞു. അതേസമയം, പൊതുവേദിയിൽ ഇസ്രായേലിനെ അനുകൂലിക്കുന്ന നിലപാടാണ് ബൈഡൻ സ്വീകരിച്ചിട്ടുള്ളത്.
ഗസ്സയിൽ നിന്നുള്ള പ്രധാന അതിർത്തി ഇസ്രായേൽ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മരുന്ന്, ഭക്ഷണം, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കൾ ഗസ്സയിലേക്ക് കൊണ്ടുവരുന്നതിനാണ് അതിർത്തി തുറന്നത്. എന്നാൽ, മണിക്കൂറുകൾക്കു ശേഷം അതിർത്തി വീണ്ടും അടച്ചു. ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റവും സംഘടിത ഭീകരവാദവുമാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അതിനിടെ, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നെതന്യാഹു അറിയിച്ചു. എന്നാൽ, ആക്രമണം തുടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.