ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പത് കുട്ടികൾ
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ മൂന്നു ദിവസമായി തുടരുന്ന അതിക്രമത്തിനിടെ ഗസ്സയിൽ പുതിയ പോർമുഖം തുറന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അറുകൊല ചെയ്യപ്പെട്ടത് ഒമ്പത് കുട്ടികൾ. 22 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ വടക്കൻ ഗസ്സയിലെ ഷാതി അഭയാർഥി ക്യാമ്പിൽ കഴിഞ്ഞുവന്ന ഒരു സ്ത്രീയും മരിച്ചു. അവരുടെ മക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.
മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ ഫലസ്തീനി താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്. മസ്ജിദുൽ അഖ്സയിൽ കടന്നുകയറി ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 300 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണം അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾക്കൊപ്പം ഗസ്സയുടെ ചുമതലയുള്ള ഹമാസും ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മർദം ഉയർന്നിട്ടും പരിഗണിക്കാതെ വന്നതോടെ തിങ്കളാഴ്ച ഹമാസ് ഇസ്രായേലിനു നേരെ റോക്കറ്റാക്രമണം നടത്തി. ദക്ഷിണ ഇസ്രായേലിലുണ്ടായ ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പിന്നാലെ ഗസ്സയിൽ ഇസ്രായേൽ ബോംബറുകൾ നടത്തിയ ആക്രമണത്തിലാണ് ഒമ്പതു കുട്ടികളുൾപെടെ 22 ഫലസ്തീനികൾ ഗസ്സയിൽ മരിച്ചത്. ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട ഇസ്രായേൽ ആക്രമണമാണിത്്.
1967ൽ ജറൂസലം പിടിച്ചടക്കിയത് ആഘോഷിച്ച് തിങ്കളാഴ്ച ഇസ്രായേലിൽ വ്യാപകമായി ജറൂസലം ദിനാചരണം നടന്നിരുന്നു. ആയിരങ്ങൾ പങ്കെടുത്ത റാലികളും നടന്നു.
ഇസ്രായേൽ തലസ്ഥാന നഗരമായി ട്രംപ് കാലത്ത് യു.എസ് അംഗീകാരം നൽകിയ ജറൂസലമിൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മസ്ജിദുൽ അഖ്സയോടു ചേർന്ന ശൈഖ് ജർറാഹിെല മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. മേയ് ആറിന് കൂടുതൽ കുടുംബങ്ങൾ ഒഴിയാൻ നോട്ടീസ് ലഭിച്ചിരുന്നു. ഇവർക്ക് പിന്തുണയുമായി പതിനായിരങ്ങളാണ് സംഘടിച്ചത്. ഇവർക്കു നേരെയാണ് മസ്ജിദിലും പരിസരങ്ങളിലും ഇസ്രായേൽ പൊലീസ് നരനായാട്ട് തുടരുന്നത്. തിങ്കളാഴ്ചയും രാത്രി നമസ്കാരം കഴിഞ്ഞ് മടങ്ങുന്നവർക്കു നേരെ ഇസ്രായേൽ പൊലീസ് നടത്തിയ അക്രമങ്ങളിൽ 200ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്. മസ്ജിദുൽ അഖ്സയിലെ സൈനിക നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നിട്ടും പ്രധാനമന്ത്രി നെതന്യാഹു കൂടുതൽ കർശനമാക്കാൻ നിർദേശം നൽകിയത് മേഖലയെ സംഘർഷത്തിലാഴ്ത്തുമെന്ന് കരുതുന്നു.
കിഴക്കൻ ജറൂസലം തങ്ങളുടെ തലസ്ഥാന നഗരമായാണ് ഫലസ്തീനികൾ വിശ്വസിക്കുന്നത്. ഇത് സമ്പൂർണമായി പിടിച്ചെടുത്ത് വിശാല ജറൂസലം പട്ടണം തലസ്ഥാനമാക്കാൻ ഇസ്രായേൽ ബലപ്രയോഗവും തുടരുന്നു.
വെസ്റ്റ് ബാങ്കിലുൾപെടെ ഫലസ്തീനിലുടനീളം പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.