വെസ്റ്റ് ബാങ്കിൽ അതിക്രമം തുടർന്ന് ഇസ്രായേൽ
text_fieldsജെനിൻ: ഗസ്സയിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിക്കിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അതിക്രമം വ്യാപിപ്പിച്ച് ഇസ്രായേൽ. നാലു ദിവസമായി ഉപരോധത്തിൽ കഴിയുന്ന നൂർ ശംസ് അഭയാർഥി ക്യാമ്പിൽ കഴിയുന്നവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകി. അൽ അയാദയിലെ പള്ളിയുടെ ഉച്ചഭാഷിണിയിലൂടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിനിടെ, കെട്ടിടങ്ങളും വീടുകളും തകർക്കലും താമസക്കാരെ ആക്രമിക്കലും അറസ്റ്റും തുടരുകയാണ്.
നബ്ലുസിന് സമീപം ഹുവാര പട്ടണത്തിലെ മൂന്ന് വിദ്യാർഥികളെ ഇസ്രായേൽ സൈനികർ ആക്രമിച്ചു. ബെത്ലഹേമിന് തെക്ക് അൽ ഖാദർ പട്ടണത്തിൽ കണ്ണീർവാതകവും ശബ്ദബോംബും പ്രയോഗിച്ചതിനെത്തുടർന്ന് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
തുബാസിന് വടക്കുള്ള അക്കാബ പട്ടണത്തിലും സൈന്യം അതിക്രമിച്ചുകയറി. ബുൾഡോസറുകളും യന്ത്രങ്ങളും ഉപയോഗിച്ച് കൃഷിഭൂമി നശിപ്പിക്കുകയും ഗ്രാമത്തിലെ സംരക്ഷണ ഭിത്തി തകർക്കുകയും ചെയ്തു. കിഴക്കൻ ജറൂസലമിന് വടക്കുകിഴക്കുള്ള അൽഇസാവിയ പട്ടണത്തിലും പട്ടാളക്കാർ വീടുകളിൽ അതിക്രമിച്ചുകയറി പരിശോധന നടത്തി. അദ്ദഹ്രിയയിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ യുവാവിന് പരിക്കേറ്റു. ഗസ്സയിൽ ഡ്രോൺ പറത്തിയ രണ്ടുപേരെ ആക്രമിച്ചതായി സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈമാസം ഇന്നലെ വരെ 414 രോഗികളെയും 588 സഹായികളെയും ഗസ്സയിൽനിന്ന് ഒഴിപ്പിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതിനിടെ ഇസ്രായേലി കുടിയേറ്റക്കാർ മുസ്ലിംകൾക്കു മാത്രം പ്രാർഥനക്ക് അനുവാദമുള്ള ജറൂസലമിലെ അൽഅഖ്സ മസ്ജിദ് വളപ്പിൽ കടന്ന് ജൂത ആചാരങ്ങൾ നടത്തി. അതേസമയം, വെടിനിർത്തൽ കരാർ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ എത്തി.
ഗസ്സ: ട്രംപിന്റെ കുടിയൊഴിപ്പിക്കൽ നിർദേശം തള്ളി ജോർഡൻ രാജാവ്
വാഷിങ്ടൺ: ഗസ്സ പിടിച്ചെടുക്കാനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം തള്ളി ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം എക്സിൽ എഴുതിയ കുറിപ്പിലാണ് അബ്ദുല്ല രാജാവ് നിലപാട് ആവർത്തിച്ചത്.
ഡോണൾഡ് ട്രംപും അബ്ദുല്ല രണ്ടാമൻ രാജാവും വാർത്ത സമ്മേളനത്തിൽ
ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽനിന്നും ഫലസ്തീനികളെ കുടിയിറക്കാനുള്ള നീക്കത്തിന് എതിരായ നിലപാടിൽ ജോർഡൻ ഉറച്ചുനിൽക്കുന്നതായും ഇതാണ് അറബ് ലോകത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസ്സയിൽനിന്ന് വൈദ്യസഹായം ആവശ്യമുള്ള 2000 ഫലസ്തീൻ കുട്ടികളെ സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ഗസ്സ പുനർനിർമിക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റ ശേഷം ട്രംപിനെ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവാണ് അബ്ദുല്ല രാജാവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.