ലബനാനിൽ ഹിസ്ബുല്ലയുടെ തുരങ്ക ശൃംഖല കണ്ടെത്തി ഇസ്രായേൽ; തുരങ്കങ്ങൾ തകർക്കാനോ സിമന്‍റ് കൊണ്ട് അടക്കാനോ ശ്രമിക്കുകയാണ് സേന
text_fieldsതെൽ അവീവ്: ഇസ്രായേലിന്റെ അത്യാധുനിക യുദ്ധ വിമാനങ്ങളും ഡ്രോണുകളും അതിജീവിച്ച് ഹിസ്ബുല്ല നടത്തുന്ന തിരിച്ചടികൾ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ മുമ്പും ഇപ്പോഴും നടത്തുന്ന ഏറ്റുമുട്ടലുകളിൽ ഹിസ്ബുല്ലയുടെ കരുത്ത് അവർ വർഷങ്ങൾ ചെലവിട്ട് നിർമിച്ച ഭൂഗർഭ തുരങ്കങ്ങളാണ്. ലബനാനിലെ കരയുദ്ധത്തിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച ഇസ്രായേലിന്റെ ഏറ്റവും വലിയ പ്രതിബന്ധവും ഈ തുരങ്കങ്ങളാണ്.
ആയുധങ്ങളും റോക്കറ്റുകൾ തൊടുക്കാനുള്ള സംവിധാനങ്ങളുമുള്ള ഹിസ്ബുല്ലയുടെ കിലോമീറ്ററുകളോളം നീളുന്ന തുരങ്കങ്ങളുടെ ശൃംഖല കണ്ടെത്തിയിരിക്കുകയാണ് ഇസ്രായേൽ. നൂറുകണക്കിന് സൈനിക സ്ഥാനങ്ങളാണ് ഈ തുരങ്കങ്ങളിലുള്ളത്. മിക്കയിടത്തും പത്തോളം സൈനികർക്ക് ദിവസങ്ങളോളം പോരാടാൻ കഴിയും.
അവർക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ സംഭരിച്ചിട്ടുണ്ട്. വെള്ളവും വെളിച്ചവും ഒരുക്കിയിട്ടുണ്ട്. ആയുധങ്ങൾ എത്തിക്കാനുള്ള സൗകര്യവുമുണ്ട്. ഈ തുരങ്കങ്ങൾ തകർക്കാനോ സിമന്റ് ഉപയോഗിച്ച് അടക്കാനോ ശ്രമിക്കുകയാണെന്നും ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിർത്തിക്കുള്ളിലേക്ക് മീറ്ററുകളോളം നീണ്ട തുരങ്കം ഈയടുത്ത് ഇസ്രായേൽ കണ്ടെത്തിയിരുന്നു. പക്ഷേ, തുരങ്കത്തിലേക്ക് കവാടങ്ങളുണ്ടായിരുന്നില്ല. അതിർത്തിയിൽ മറ്റൊരു തുരങ്കത്തിലേക്ക് ഇറങ്ങാനുള്ള സംവിധാനവും സൈന്യം കണ്ടുപിടിക്കുകയുണ്ടായി. ചൊവ്വാഴ്ച മൂന്നുപേരടക്കം നിരവധി ഹിസ്ബുല്ല പോരാളികളെ തുരങ്കങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തതായാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
തെക്കൻ ലബനാനിലെ അതിർത്തിയിലുള്ള തുരങ്കങ്ങളിൽനിന്ന് ഹിസ്ബുല്ല പിന്മാറിയതായും പറയുന്നു. 2018ലും അതിർത്തിക്കുള്ളിലേക്ക് നീണ്ട ഹിസ്ബുല്ലയുടെ ആറ് ഭൂഗർഭ തുരങ്കങ്ങൾ ഇസ്രായേൽ കണ്ടെത്തിയിരുന്നു. അതിലൊന്ന് ഒരു കിലോമീറ്റർ നീളമുള്ളതും 80 മീറ്റർ താഴ്ചയുള്ളതുമായിരുന്നു.
2006ൽ ഇസ്രായേലുമായുള്ള യുദ്ധത്തിലാണ് ഹിസ്ബുല്ല ആദ്യമായി തുരങ്കങ്ങൾ ഉപയോഗിച്ചത്. പിന്നീട് ഇവയുടെ നെറ്റ്‍വർക്ക് അവർ ശക്തമാക്കി. മിസൈലുകളായി ട്രക്കുകൾക്ക് പോകാൻ കഴിയുന്ന കൂറ്റൻ തുരങ്കങ്ങളുടെ വിഡിയോ ആഗസ്റ്റിൽ ഹിസ്ബുല്ല പുറത്തിറക്കിയിരുന്നു. 2008ൽ ഇസ്രായേൽ സിറിയയിൽ കൊലപ്പെടുത്തിയ ഹിസ്ബുല്ല നേതാവ് ഇമാദ് മുഗ്നിയയുടെ പേരിലുള്ള തുരങ്കത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്.
തെക്കൻ ലബനാനിലെ ജനപിന്തുണയാണ് ഗ്രാമങ്ങളിൽ തുരങ്കങ്ങളും സൈനിക സംവിധാനങ്ങളും ഒരുക്കാൻ ഹിസ്ബുല്ലയെ സഹായിച്ചതെന്ന് പശ്ചിമേഷ്യ രാഷ്ട്രീയ വിദഗ്ധയായ ഇവ ജെ. കുലോറിയോറ്റിസ് പറഞ്ഞു. ഹിസ്ബുല്ലയുടെ ആസ്ഥാനം നിലനിൽക്കുന്ന ബൈറൂത്തിലെ തെക്കൻ മേഖലകളിൽ മാത്രമല്ല, സിറിയയുടെ അതിർത്തിയിലും തുരങ്കങ്ങളുണ്ടെന്നും അവർ പറഞ്ഞു.
തീരമേഖലയായ ഗസ്സയുടെ മണലിൽ ഹമാസ് നിർമിച്ചതുപോലെയുള്ള ടണലുകളല്ല ഹിസ്ബുല്ലയുടേത്. സമയവും പണവും ചെലവഴിച്ച് അത്യാധുനിക യന്ത്രങ്ങൾകൊണ്ട് ഉറച്ച പാറകളിൽ നിർമിച്ചവയാണ്. ഗസ്സയിൽനിന്ന് വ്യത്യസ്തമായി ലബനാനിലെ തുരങ്കങ്ങളാണ് ഹിസ്ബുല്ലക്കെതിരെ വൻ മുന്നേറ്റം നടത്താൻ ഇസ്രായേലിന് കഴിയാത്തതിന് കാരണമെന്ന് ലബനാൻ സൈനിക വിദഗ്ധനും മുൻ ബ്രിഗേഡിയർ ജനറലുമായ നജി മാലിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.