ക്രൂരത അവസാനിപ്പിക്കാതെ ഇസ്രായേൽ: ‘ഗസ്സ സൂപ്പ് കിച്ചൻ’ ഷെഫ് മഹ്മൂദ് അൽമദ്ഹൂനെയും കൊലപ്പെടുത്തി
text_fieldsഗസ്സ: നിരപരാധികളെ കൊന്നു തള്ളുന്ന തങ്ങളുടെ കിരാത നയം അവസാനിപ്പിക്കാതെ ഇസ്രായേൽ. യുദ്ധത്തിനിടയിലും അനേകം അഭയാർഥികൾക്ക് ആശ്വാസം പകർന്ന ‘ഗസ്സ സൂപ്പ് കിച്ചൻ’ സ്ഥാപകരിലൊരാളായ ഷെഫ് മഹ്മൂദ് അൽമദ്ഹൂനെയും ശനിയാഴ്ച ഇസ്രായേൽ കൊലപ്പെടുത്തി.
ദിവസേന 3000ത്തിലകം പേർക്കാണ് ‘ഗസ്സ സൂപ്പ് കിച്ചൻ’ വഴി ഭക്ഷണം വിതരണം ചെയ്തിരുന്നത്. വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലേക്കുള്ള സന്ദർശനത്തിനിടെ ഇസ്രായേലി സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ബെയ്റ്റ് ലാഹിയയിൽ ഫലസ്തീനികൾക്ക് ഭക്ഷണം നൽകുന്നതിൽ വ്യാപൃതനായിരുന്നു മഹ്മൂദ് അൽമദ്ഹൂനെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിയിലാണ് ‘ഗസ്സ സൂപ്പ് കിച്ചൻ’ അൽമദ്ഹൂനും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തുടങ്ങുന്നത്. ആദ്യ ദിവസം തന്നെ അൽമദ്ഹൂനും കുടുംബത്തിലെ അംഗങ്ങളും ചേർന്ന് കുടിയിറക്കപ്പെട്ട 120 പേർക്ക് ഭക്ഷണം നൽകി. അതിനുശേഷം അദ്ദേഹം ‘ഗസ്സ സൂപ്പ് കിച്ചൻ’ വഴി ഒരു ദിവസം 3,000ത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകിക്കൊണ്ടിരുന്നു.
ഫലസ്തീനികളുടെ വീട്, ബേക്കറികൾ, കൃഷിയിടങ്ങൾ, കോഴി ഫാമുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഇസ്രായേൽ സൈന്യം നശിപ്പിച്ചിരുന്നു. തുടർന്ന് പെരുവഴിയിലായ ഫലസ്തീനികൾക്ക് ഏറെ ആശ്വാസകരമായിരുന്നു ‘ഗസ്സ സൂപ്പ് കിച്ചൻ’. പ്രാദേശിക കർഷകർക്കൊപ്പം അൽമദ്ഹൂൻ ജോലി ചെയ്യുകയും സീസണൽ പച്ചക്കറികൾ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു.
ഏപ്രിലിൽ വാഷിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ താനും കുടുംബവും കഴിയുന്നിടത്തോളം അയൽക്കാർക്ക് ഭക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിശക്കുന്ന ഫലസ്തീൻകാർക്ക് ഭക്ഷണം നൽകുന്ന വിഡിയോ ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സെപ്റ്റംബറിൽ മഹ്മൂദും വൈറലായിരുന്നു .
ഷെഫിനെ ഇസ്രായേൽ ബോധപൂർവം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതാണെന്ന് ‘ഗസ്സ സൂപ്പ് കിച്ചൻ’ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. മഹ്മൂദ് അൽമദ്ഹൂൻ ഉൾപ്പെടെ, ശനിയാഴ്ച 17 ഫലസ്തീൻ സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.