ഇസ്രായേലിനെ ഭൂപടത്തിൽ നിന്നൊഴിവാക്കി ചൈനീസ് കമ്പനികൾ
text_fieldsബൈജിങ്: ഗസ്സയിൽ ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനിടെ ഇസ്രായേലിനെ ഭൂപടത്തിൽ നിന്നൊഴിവാക്കി ചൈനീസ് കമ്പനികൾ. മൾട്ടിനാഷണൽ ടെക് കമ്പനികളായ ആലിബാബയും ബൈദുവുമാണ് അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റൽ മാപ്പിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കിയത്. ഇസ്രായേലിന്‍റെ അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികളും നഗരങ്ങളും ഫലസ്തീൻ മേഖലയും മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്രായേൽ എന്ന് പേര് നൽകിയിട്ടില്ല.
വളരെ ചെറിയ രാജ്യങ്ങളാണെങ്കിൽ പോലും ഡിജിറ്റൽ മാപ്പുകളിൽ പേര് കൃത്യമായി നൽകാറുണ്ട്. ലക്സംബർഗ്, വത്തിക്കാൻ പോലുള്ള ചെറുരാഷ്ട്രങ്ങളുടെ പേര് അടയാളപ്പെടുത്തിയ മാപ്പിലാണ് ഇസ്രായേലിന് പേര് നൽകാതെ വിട്ടത്.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഫലസ്തീനൊപ്പം നിലകൊള്ളുന്ന നിലപാടാണ് ചൈന മാവോ സേതുങ്ങിന്‍റെ കാലം മുതൽക്കേ സ്വീകരിച്ചുപോന്നത്. നിലവിലെ സംഘർഷസാഹചര്യവും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
മാപ്പുകളിൽനിന്ന് ഇസ്രായേലിന്‍റെ പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. അതേസമയം, യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഈ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പുതിയ വിവാദത്തിൽ ആലിബാബയും ബൈദുവും പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗസ്സയിൽ ഫലസ്തീനികളുടെ കൂട്ടക്കൊല തുടരുകയാണ് ഇസ്രായേൽ. യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പരിഗണനയിലില്ലെന്നും അത് തീവ്രവാദത്തിന് കീഴടങ്ങലാണെന്നും നെതന്യാഹു പറഞ്ഞു. ഇടതടവില്ലാതെ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണം 8306 ആയി. കൊല്ലപ്പെട്ടവരിൽ 3400 കുഞ്ഞുങ്ങളുണ്ടെന്ന് ഗസ്സ അധികൃതർ പറഞ്ഞു. ഗസ്സ സിറ്റിയിലേക്ക് ഇസ്രായേൽ സൈന്യം കൂടുതൽ അടുക്കുകയാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലും കനത്ത ആക്രമണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.