ഖാൻ യൂനിസ് ഒഴിയണമെന്ന് ഇസ്രായേൽ; അവർ എവിടെ പോകും?
text_fieldsഗസ്സ: ഗസ്സയിലെ ഖാൻ യൂനിസിൽനിന്ന് ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. ഗസ്സയിൽ ഒരിടവും സുരക്ഷിതമല്ലെന്ന അവസ്ഥയിൽ എങ്ങോട്ട് പോകുമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഫലസ്തീനികൾ. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. ഖാൻ യൂനിസിലെ രണ്ട് കെട്ടിടങ്ങൾ ഞായറാഴ്ച ബോംബിട്ട് തകർത്തു. അഞ്ച് പേർക്ക് പരിക്കേറ്റു. റഫയിലെ വീടിന് നേരെയും ഷെല്ലാക്രമണമുണ്ടായി. ഗസ്സ സിറ്റിയിലെ സൈത്തൂൻ, തലാൽ ഹവ ഭാഗത്തും ശത്തി അഭയാർഥി ക്യാമ്പിന് പുറത്തും സെൻട്രൽ ഗസ്സയിലെ ബുറൈജ്, നുസൈറാത് ക്യാമ്പുകൾക്ക് സമീപവും ആക്രമണമുണ്ടായി. ഗസ്സയിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ ബോംബിട്ട് നൂറിലേറെ പേരെ കൊലപ്പെടുത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
വീണ്ടും ഒരുപാട് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും ഇത് അപലപനീയമാണെന്നും യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തിങ്കളാഴ്ച റഷ്യ സന്ദർശിക്കും. ചൊവ്വാഴ്ച അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അലി ബഗേരി കനി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണിൽ സംസാരിച്ചു. ഇസ്മാഈൽ ഹനിയ്യ വധം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള അതിക്രമമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. പരമാധികാരവും സുരക്ഷയും രാഷ്ട്രത്തിന്റെ അന്തസ്സും സംരക്ഷിക്കാൻ ഇറാന് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖാൻ യൂനിസിലെ ഇസ്രായേൽ ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഗസ്സയിലെ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ലബനാനിൽനിന്ന് ഹിസ്ബുല്ല കനത്ത ആക്രമണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.