ഗസ്സയിൽ കൂട്ട പലായനത്തിനിടെ വ്യാപക ബോബിങ്; അമ്പതിലേറെ മരണം, മാർച്ച് 18ന് ശേഷം കൊല്ലപ്പെട്ടത് 1,000ത്തിലേറെ ഫലസ്തീനികൾ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ നിയന്ത്രിത ‘സുരക്ഷ മേഖലകൾ’ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഗസ്സയിൽ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. തെക്കൻ ഗസ്സയിൽ റഫ, വടക്ക് ബയ്ത് ഹാനൂൻ, ബയ്ത് ലാഹിയ തുടങ്ങി വിവിധ മേഖലകളിൽനിന്ന് ഫലസ്തീനികളെ കൂട്ട പലായനത്തിന് നിർബന്ധിച്ചാണ് ഗസ്സയിൽ കരയാക്രമണം വീണ്ടും ശക്തമാക്കുന്നത്.
വ്യാപക ബോംബിങ്ങിൽ 50ലേറെ ഫലസ്തീനികളെ കുരുതി നടത്തിയ ദിനത്തിലാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രഖ്യാപനവും സൈനിക വിന്യാസവും. ഇസ്രായേൽ സേനയുടെ 36ാം ഡിവിഷൻ ബുധനാഴ്ച രാവിലെയോടെ ഗസ്സയിൽ പ്രവേശിച്ചിട്ടുണ്ട്. സൈനിക നീക്കം ഭയന്ന് റഫയിലും വടക്കൻ ഗസ്സയിലും പലായനം ശക്തമാണ്.
ഗസ്സയുടെ 25 ശതമാനം ഭൂമി പിടിച്ചടക്കുകയാണ് ലക്ഷ്യമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇസ്രായേൽ താൽപര്യങ്ങൾ പ്രകാരമുള്ള വെടിനിർത്തലിനും ബന്ദി മോചനത്തിനും ഹമാസിനെ നിർബന്ധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അധിനിവേശ പ്രഖ്യാപനം. സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ എല്ലാ ബന്ദികളെയും ഒന്നിച്ച് വിട്ടയക്കാമെന്ന് ഹമാസ് വ്യക്തമാക്കുന്നു.
അതേസമയം, ബുധനാഴ്ച മാത്രം ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ 50ലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാൻ യൂനുസിൽ കെട്ടിടം ബോംബിട്ട് 12 പേരെയും റഫയിൽ രണ്ടു പേരെയും വധിച്ചു. മാർച്ച് 18നുശേഷം 1,000ത്തിലേറെ ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണവും ഉപരോധവും വ്യാപകമായതോടെ ഗസ്സയിൽ എല്ലാ ഭക്ഷണകേന്ദ്രങ്ങളും അടച്ചു. വേൾഡ് ഫുഡ് പ്രോഗ്രാം നടത്തുന്ന 25 കേന്ദ്രങ്ങളും ഇതിൽ പെടും.
ഐ.സി.സി അറസ്റ്റ് വാറന്റിനിടെ നെതന്യാഹുവിന്റെ ഹംഗറി സന്ദർശനം
ഹേഗ്: അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് നിലനിൽക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഹംഗറി സന്ദർശനത്തിനെത്തുന്നു. നാലുദിവസ പര്യടനമാണ് നടത്തുക. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ വർഷമാണ് നെതന്യാഹുവിനും അന്നത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
ഐ.സി.സി അംഗരാജ്യമെന്ന നിലക്ക് നെതന്യാഹു ഹംഗറിയിലെത്തിയാൽ അറസ്റ്റ് ചെയ്ത് ഐ.സി.സിക്ക് കൈമാറണം. ഇത് അംഗീകരിക്കില്ലെന്ന് ഹംഗറി നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.