വെസ്റ്റ് ബാങ്കിൽ വീണ്ടും ഇസ്രായേൽ നരനായാട്ട്; ഫലസ്തീൻ കൗമാരക്കാരനെ വെടിവെച്ചു കൊന്നു
text_fieldsവെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 15കാരനായ ഫലസ്തീനിയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. വെസ്റ്റ് ബാങ്കിലെ ബീറ്റ ഗ്രാമവാസിയായ മുഹമ്മദ് ഹമയേൽ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ റെഡ് ക്രെസന്‍റ് അറിയിച്ചു. ഇസ്രായേൽ സേനയുടെ നരനായാട്ടിൽ ഈ വർഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഫലസ്തീൻ കൗമാരക്കാരനും മൂന്നാമത്തെ ബീറ്റ സ്വദേശിയുമാണ് ഹമയേൽ.
അനധികൃത ജൂത കുടിയേറ്റത്തിനെതിരെ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബീറ്റയിൽ പ്രതിവാര പ്രതിഷേധം നടത്തിയവർക്ക് നേരെയാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. ഡസൻ കണക്കിന് ഫലസ്തീനികളാണ് തങ്ങളുടെ ഭൂമിയിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റത്തിനെതിരെ തെക്കൻ നബ് ലൂസിൽ പ്രതിഷേധിച്ചത്.
ഇസ്രായേൽ വെടിവെപ്പിൽ ആറു ഫലസ്തീനികൾക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ണീർ വാതകവും റബ്ബർ കവചമുള്ള ഉരുക്ക് ബുള്ളറ്റുകളും ജനങ്ങൾക്ക് നേരെ പ്രയോഗിച്ചതായി ഫലസ്തീൻ വാർത്താ ഏജൻസി വാഫ റിപ്പോർട്ട് ചെയ്തു.
കുഫ്ർ ഖദ്ദൂം ഗ്രാമത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഫലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. റബ്ബർ പൂശിയ ഉരുക്ക് ബുള്ളറ്റ് ഉപയോഗിച്ച് നടത്തിയ വെടിവെപ്പിൽ 10കാരന്‍റെ കാലിന് പരിക്കേറ്റു.
ഇസ്രായേൽ അധിനിവേശക്കാർ ബീറ്റ ഗ്രാമത്തിലെ സാബിഹ് പർവതത്തിൽ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതോടെയാണ് സ്ഥലത്ത് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. 2.8 ദശലക്ഷത്തിലധികം ഫലസ്തീനികൾ താമസിക്കുന്ന വെസ്റ്റ് ബാങ്കിൽ 4,75,000 ഇസ്രായേലി കുടിയേറ്റക്കാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.