ഇസ്രായേൽ വംശഹത്യ: ബൈഡനെതിരെ കോടതി കയറി യു.എസ് പൗരാവകാശ സംഘടന
text_fieldsവാഷിങ്ടൺ: ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാക്രൂരതകളുമായി ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെ തടയാൻ വിസമ്മതിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കോടതി കയറി ന്യൂയോർക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന. യു.എസ്, രാജ്യാന്തര ചട്ടങ്ങൾ നിർബന്ധിച്ചിട്ടും ഇസ്രായേൽ വംശഹത്യ തടയുകയെന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ചാണ് ‘സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സ് (സി.സി.ആർ) കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.
ഇസ്രായേൽ തുടരുന്ന മനുഷ്യക്കുരുതി, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കൽ, നിർബന്ധിത പലായനം എന്നിവ വംശഹത്യയാണെന്നും 1948ലെ വംശഹത്യക്കെതിരായ രാജ്യാന്തര ഉടമ്പടിക്കെതിരാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഏറ്റവുമടുത്ത സഖ്യകക്ഷിയും ഏറ്റവും ശക്തരായ സഹായിയും ഏറ്റവും വലിയ സൈനിക സഹായ ദാതാവുമെന്ന നിലക്ക് ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ യു.എസിന് അധികാരമുണ്ട്. എന്നിട്ടും യു.എസ് ഇടപെടുന്നില്ലെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.
‘ഇസ്രായേലിന് തുടർന്നും ആയുധങ്ങളും പണവും നയതന്ത്ര പിന്തുണയും നൽകുന്നത് തടയണം. ഗസ്സയിലെ നിരപരാധികൾക്കു മേൽ നടപ്പാക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ പ്രസിഡന്റ് ബൈഡൻ, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ എല്ലാ നടപടികളും സ്വീകരിക്കണം.
ഗസ്സയിലെ ബോംബിങ് അവസാനിപ്പിക്കണം. ഗ്വണ്ടാനമോ തുരുത്തിനു മേലുള്ള ഉപരോധം എടുത്തുകളയണം. ഫലസ്തീനികളെ പുറന്തള്ളുന്നത് തടയുകയും വേണം’- പരാതിക്കാർ ആവശ്യപ്പെടുന്നു.
2004ൽ തടവുകാർക്കായി കേസ് നടത്തി സി.സി.ആർ വിജയം കണ്ടിരുന്നു. ഇത്തവണ പക്ഷേ, വംശഹത്യാ ആരോപണം എളുപ്പം തെളിയിക്കാനാകാത്തതായതിനാൽ വിജയം എളുപ്പമാകില്ലെന്നും ബൈഡനു മേൽ സമ്മർദമുണ്ടാകില്ലെന്നുമാണ് വിലയിരുത്തൽ.
റുവാണ്ടയിൽ ടുട്സി വിഭാഗക്കാരായ എട്ടു ലക്ഷം പേർ കൊല്ലപ്പെട്ടിട്ടും വംശഹത്യ നടന്നെന്ന ആരോപണം അന്നത്തെ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ അംഗീകരിക്കാത്തത് നിയമനടപടികൾക്ക് തടസ്സമായിരുന്നു. അതേ ഗതി തന്നെയാകും ഈ കേസിലുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.