ഇസ്രയേലിന് ലക്ഷ്യങ്ങൾ ബാക്കി; കീഴടങ്ങിയില്ലെന്ന വിശ്വാസത്തിൽ ഹമാസ്
text_fieldsഗസ്സയിലെ ആഹ്ലാദം
466 ദിവസം നീണ്ട കൊടിയ ആക്രമണങ്ങൾക്ക് ശേഷവും പ്രഖ്യാപിതവും ഗൂഡവുമായ ലക്ഷ്യങ്ങളിൽ പലതും സാധ്യമാക്കാനാകാതെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയാറാകുന്നത്. ഹമാസിനാകട്ടെ, അതിമാരകമായ പ്രഹരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സൈനികപരമായി സമ്പൂർണമായി കീഴടങ്ങിയില്ല എന്ന ആശ്വാസം ബാക്കി.
ഈ കെടുതികളിൽ നിന്ന് രാഷ്ട്രീയമായും സായുധമായും എങ്ങനെ ഉയിർത്തെഴുന്നേൽക്കുന്നുവെന്നതാണ് ഹമാസ് നേരിടാനിരിക്കുന്ന പ്രധാന വെല്ലുവിളി. ദശകങ്ങളോളം ഹമാസിന്റെ മുഖവും മസ്തിഷ്കവുമായിരുന്ന നേതൃനിര ഏതാണ്ട് പൂർണമായി ഇല്ലാതായിരിക്കുന്നു. സ്ഥാപകനേതാക്കളിൽ അധികമാരും ഇനി ജീവിച്ചിരിപ്പുമില്ല. നാലുപതിറ്റാണ്ടിലേക്ക് അടുക്കുന്ന പ്രവർത്തന ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിസന്ധിക്ക് മുന്നിലാണ് അവരിപ്പോൾ.
ഹമാസ് നേതൃത്വത്തെ തുടച്ചുനീക്കുക, അവരുടെ സായുധ ശേഷി ഇല്ലാതാക്കുക, ബന്ദികളെ തിരിച്ചുകൊണ്ടുവരിക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കൊപ്പം നിഗൂഡമായ പല പദ്ധതികളും ഇസ്രയേലിനുണ്ടായിരുന്നുവെന്ന് സർക്കാർ, സൈനിക തലത്തിലെ പ്രമുഖ വ്യക്തികളുടെ പ്രസ്താവനകളിൽ നിന്ന് കഴിഞ്ഞമാസങ്ങളിൽ വ്യക്തമായിരുന്നു. ’48 ലും ’67 ലും ഉണ്ടായതുപോലെ വലിയ അഭയാർഥി പ്രവാഹം ഗസ്സയിൽ നിന്ന് ഈജിപ്തിലെ സീനായിലേക്ക് ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രതീക്ഷിച്ചിരുന്നു. 2005ൽ ഗസ്സയിൽ നിന്ന് ഒഴിപ്പിച്ച കുടിയേറ്റ കേന്ദ്രങ്ങൾ കൂടുതൽ വിശാലമായി പുനഃസ്ഥാപിക്കാനുള്ള ആലോചനകളും പല തലങ്ങളിൽ നടന്നു.
ഈ കോലാഹലങ്ങൾക്കിടയിൽ വെസ്റ്റ്ബാങ്ക് പൂർണമായി ‘അനക്സ്’ ചെയ്യാനുള്ള പദ്ധതികളും പുരോഗമിച്ചു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയും ഗസ്സയിലെ ഭൗതിക സംവിധാനങ്ങളെല്ലാം ഭസ്മമാക്കിയും ഇസ്രയേൽ വിജയം കൊണ്ടാടുന്നുണ്ടെങ്കിലും അവരുടെ ലക്ഷ്യങ്ങളിൽ പലതും പാതിവഴിയിൽ ഇടിച്ചുനിൽക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.
ഗസ്സക്ക് നേരെ ഭയാനകമായ വ്യോമാക്രമണം തുടങ്ങിയ മണിക്കൂറുകളിൽ തന്നെ റഫ അതിർത്തി വഴി വലിയ അഭയാർഥി പ്രവാഹം സീനായിലേക്ക് ഉണ്ടാകുമെന്ന് ഇസ്രയേൽ കണക്കുകൂട്ടിയിരുന്നു. 2023 ഒക്ടോബർ 10ന് ഐ.ഡി.എഫിന്റെ അന്താരാഷ്ട്ര വക്താവ് റിച്ചാർഡ് ഹെഷ്റ്റ് ഇതുവ്യക്തമാക്കുന്ന ഒരു പ്രസ്താവന നടത്തി. ‘‘റഫ ഇപ്പോഴും തുറന്നുതന്നെയുണ്ട്. ആർക്കും അതുവഴി പുറത്തുപോകാം. അങ്ങനെ പോകാൻ ഞാനവരെ ഉപദേശിക്കുന്നു’’.
ഗസ്സയിൽ ആക്രമണം കടുപ്പിച്ച് അവിടെയുള്ളവരെ റഫ അതിർത്തി വഴി സീനായ് മേഖലയിലേക്ക് പുറംതള്ളാനുള്ള ഇസ്രയേലിന്റെ ഗൂഡ പദ്ധതി അറിയാതെ പുറത്തുവന്നതാണോ എന്ന് ആശങ്കയുയർന്നതോടെ അറബ് ലോകത്ത് പ്രതിഷേധമുയരാൻ തുടങ്ങി. നില പന്തിയല്ലെന്ന് കണ്ടതോടെ, നിഷേധവുമായി ഐ.ഡി.എഫ് തന്നെ അതിവേഗം രംഗത്തെത്തി. പക്ഷേ, നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികൾ പലതവണ പിന്നെയും ഈ ആശയം ഉന്നയിച്ചു.
ഇതിനായി ഉന്നതതലങ്ങളിൽ ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീനായിയിൽ അഭയാർഥി ക്യാമ്പുകൾ ഉയരുന്നത് പിന്നീട് സ്ഥിരമാകുമെന്ന് അറിയാമെന്നുള്ളതുകൊണ്ട് തന്നെ കടുത്ത ഭാഷയിലാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഇതിനോട് പ്രതികരിച്ചത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ മുതിർന്ന നേതാവ് ഡാനി ഡാനൺ ആകട്ടെ, ഈജിപ്ത് മാത്രമല്ല അന്താരാഷ്ട്ര സമൂഹം തന്നെ ഗസ്സക്കാരെ സ്വീകരിക്കാൻ ‘ആത്മാർഥമായ ശ്രമം’ നടത്തണമെന്ന് ആഹ്വാനം ചെയ്തു. പക്ഷേ, ആ നീക്കമൊന്നും കരതൊട്ടില്ല.
‘ഒക്ടോബർ 7’ന് ഒരുമാസം തികയുന്നതിന് മുമ്പേ 11 വലതുപക്ഷ സംഘടനകൾ ‘റിട്ടേണിങ് ഹോം’ എന്ന മുദ്രാവാക്യവുമായി ഗസ്സയിൽ വീണ്ടും സെറ്റിൽമെന്റുകൾ ആരംഭിക്കുന്നതിനുള്ള കാമ്പയിൻ തുടങ്ങിയിരുന്നു. 2023 നവംബർ 22ന് തെക്കൻ ഇസ്രയേലി നഗരമായ അഷ്ദോദിൽ വിവിധ കൂട്ടായ്മകളുടെ വലിയൊരു സമ്മേളനം തന്നെ ഈ വിഷയത്തിലെ തുടർനടപടികൾക്കായി കൂടി. നെതന്യാഹു മന്ത്രിസഭയുടെ ഭാഗമായ വലതുപക്ഷ സംഘടനകളും ഈ സമ്മേളനത്തിൽ പങ്കെടുത്തു.
ഡിസംബറിലും അടുത്തവർഷം ജനുവരിയിലുമെല്ലാം സമാനമായ അജണ്ടകളുമായി വലിയ സമ്മേളനങ്ങൾ വിവിധ നഗരങ്ങളിൽ നടന്നു. 2024 ജനുവരി 28ന് ‘സുരക്ഷക്കായി കുടിയേറ്റം’ എന്ന ബാനറിൽ ജറുസലമിൽ നടന്ന സമ്മേളനത്തിൽ 11 കാബിനറ്റ് മന്ത്രിമാരും 15 ഭരണപക്ഷ എം.പിമാരുമാണ് പങ്കെടുത്തത്. ഭരണത്തെ താങ്ങിനിർത്തുന്ന പാർട്ടികളുടെയും നേതാക്കളുടെയും പ്രോത്സാഹനമുണ്ടായിട്ടും ഗസ്സയിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇതുവരെയും വിജയിച്ചിട്ടില്ല.
യഹ്യ സിൻവർ ഉൾപ്പെടെ ഹമാസിന്റെ ഉന്നതനേതാക്കളെ വധിച്ചിട്ടും സംഘടനയുടെ സൈനിക ശേഷിക്ക് കനത്ത ആഘാതമേൽപ്പിച്ചിട്ടും അവരെ പൂർണമായും കീഴ്പ്പെടുത്താൻ ഐ.ഡി.എഫിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ പ്രശ്നമായി തുടരുകയാണ്.
കരയുദ്ധത്തിന്റെ 15 മാസങ്ങളിൽ 407 സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയ തിങ്കളാഴ്ചയും അഞ്ചു സൈനികർ ബൈത്ത് ഹാനൂനിൽ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി തുടങ്ങി ആദ്യ രണ്ട് ആഴ്ചക്കുള്ളിൽ മാത്രം 17 സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മുൻപ് സുരക്ഷിതമാക്കിയെന്ന് അവകാശപ്പെട്ടിരുന്ന പലയിടത്തും പിന്നീട് പൊരിഞ്ഞ പോരാട്ടങ്ങൾ നടക്കുകയും ഐ.ഡി.എഫിന് കാര്യമായ ജീവഹാനി ഉണ്ടാകുകയും ചെയ്യുകയാണ്.
ഉത്തര ഗസ്സയിൽ ഒടുവിൽ നടന്ന സൈനിക നടപടി ഇത്തരത്തിൽ ആറാമത്തേത് ആയിരുന്നു. എല്ലാതവണയും ഐ.ഡി.എഫിന് ആൾനാശം ഉണ്ടായി. ഗറില്ല ശൈലിയിലേക്ക് പിൻവാങ്ങിയ ഹമാസ് പോരാളികൾ ചെറുതല്ലാത്ത ആഘാതമാണ് ഓരോ ദിവസവും ഐ.ഡി.എഫിന് ഏൽപ്പിക്കുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന പ്രാഥമിക പ്രഖ്യാപിത ലക്ഷ്യം നടപ്പാകാതെയാണ് ഇസ്രയേൽ വെടിനിർത്തലിന് വഴങ്ങിയതെന്ന് ചുരുക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.