ഗസ്സയിൽ 20 സൈനികർ അബദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ‘മരിച്ചത് സൗഹൃദ വെടിവെപ്പിൽ’
text_fieldsഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ കരയുദ്ധം ആരംഭിച്ചതു മുതൽ തങ്ങളുടെ 20 സൈനികർ ‘സൗഹൃദ വെടിവെപ്പിൽ’ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ചൊവ്വാഴ്ച അറിയിച്ചു. അബദ്ധത്തിൽ ഇസ്രായേൽ സൈന്യത്തിെന്റ തന്നെ വെടിയേറ്റ് സൈനികർ കൊല്ലപ്പെടുന്നതിനെയാണ് ‘സൗഹൃദ വെടിവെപ്പ്’ എന്ന് സൈന്യം വിശേഷിപ്പിച്ചത്.
ഇസ്രായേൽ സൈന്യത്തിെന്റ കണക്കുപ്രകാരം, കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അഞ്ചിലൊന്നാണ് സൗഹൃദ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഓഫിസർമാരും സൈനികരും ഉൾപ്പെടെ 111 പേർ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ ഔദ്യോഗികമായി പറയുന്നത്. അതേസമയം, ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ കണക്കനുസരിച്ച്, ഗസ്സയിൽ കരയുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെയും ഓഫിസർമാരുടെയും എണ്ണം 435 ആണ്.
ഫലസ്തീൻ പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് 13 സൈനികർ കൊല്ലപ്പെട്ടത്. മറ്റു ഏഴുപേർ ടാങ്ക് ദേഹത്തുകയറിയും ഇസ്രായേൽ സൈന്യം സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചും മറ്റുമാണ് കൊല്ലപ്പെട്ടത്.
കരയുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണക്കൂടുതൽ, പോരാട്ടത്തിന്റെ ദൈർഘ്യവും സ്വഭാവവും, ക്ഷീണം, പ്രവർത്തന അച്ചടക്കമില്ലായ്മ, ഏകോപനമില്ലായ്മ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാലാണ് സൈനികരുടെ മരണസംഖ്യക്ക് പ്രധാന കാരണമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.
അതേസമയം, ഇന്ന് ഗസ്സയിൽ കരയുദ്ധത്തിന് എത്തിയ 11 ഇസ്രായേൽ അധിനിവേശ സൈനികരെ വധിച്ചതായി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ് അറിയിച്ചു. ഏഴ് ഇസ്രായേൽ സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഗസ്സ സിറ്റിക്കടുത്ത ശുജയ്യയിലാണ് ഷെല്ലുകളും ടാങ്ക് വേധ ആയുധങ്ങളും ഉപകയോഗിച്ച് ഇസ്രായേലിന്റെ ഏഴ് സൈനിക വാഹനങ്ങൾ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.