ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഒരുറപ്പും ഇസ്രായേൽ നൽകിയിട്ടില്ലെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഒരുറപ്പും ഇസ്രായേൽ നൽകിയിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ ഇസ്രായേൽ തിരിച്ചടിക്കുമോയെന്ന് വ്യക്തമല്ലെന്നും യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇറാൻ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണക്കുമെന്നും യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇസ്രായേൽ തിരിച്ചടിച്ചാൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെ കുറിച്ച് യു.എസിൽ നിന്ന് തന്നെ കടുത്ത ആശങ്ക ഉയരുണ്ട്.
ഇറാൻ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലുമായി തിരിച്ചടി സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരവും ബൈഡൻ സ്ഥിരീകരിച്ചു. ജി7 രാജ്യങ്ങളുമായും യു.എസ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അത് ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ചാണ് ചർച്ചകളെന്ന സൂചനയും ബൈഡൻ നൽകിയിരുന്നു.
ഇസ്രായേലിന് നേരെ 180ഓളം മിസൈലുകൾ ഇറാൻ അയച്ചിരുന്നു. മിസൈലുകൾ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ, ഹിസ്ബുല്ലയുടെ നേതാവ് ഹസൻ നസ്റുല്ല, ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്പ് കമാൻഡൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോർഷൻ എന്നിവരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.