‘ഇസ്രായേൽ ഗസ്സയെ കൂട്ടക്കുഴിമാടമാക്കി’
text_fieldsഹേഗ്: ഗസ്സയിൽ അന്താരാഷ്ട്ര അഭയാർഥി ഏജൻസിക്ക് നിരോധനമേർപ്പെടുത്തിയും ഭക്ഷണമടക്കം അവശ്യ സഹായങ്ങൾ സമ്പൂർണമായി മുടക്കിയും ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ തുടങ്ങി. ഫലസ്തീനികൾക്കായി നെതർലൻഡ്സിലെ ഫലസ്തീൻ അംബാസഡർ അമ്മാർ ഹിജാസി കോടതിയിലെത്തി. ഫലസ്തീനികളുടെയും രക്ഷാപ്രവർത്തകരുടെയും കൂട്ടക്കുഴിമാടമായി ഗസ്സയെ ഇസ്രായേൽ മാറ്റുകയാണെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
‘‘ഗസ്സയിൽ മാത്രമല്ല, വെസ്റ്റ് ബാങ്കിലും ഭക്ഷ്യവസ്തുക്കൾ 100 ശതമാനം അധികമായി ആവശ്യം വന്നിട്ടും പൂർണമായി മുടക്കുകയാണ്. വെസ്റ്റ് ബാങ്കിൽ ജെനിൻ, തുർകറം അഭയാർഥി ക്യാമ്പുകൾ നിലംപരിശാക്കുക വഴി 40,000 പേരെയാണ് ഇസ്രായേൽ അഭയാർഥികളാക്കിയത്’’- അദ്ദേഹം തുടർന്നു. ഫലസ്തീനികളുടെ അതിജീവനത്തിന് അനുപേക്ഷ്യമായ ഭക്ഷ്യ വസ്തുക്കളടക്കം ലഭ്യമാക്കുന്നെന്ന് ഉറപ്പാക്കാൻ യു.എൻ അടക്കം സംഘടനകളെയും രാജ്യങ്ങളെയും അനുവദിക്കണമെന്നാണ് ആവശ്യം.
2024 ഒക്ടോബർ മുതൽ യു.എൻ അഭയാർഥി ഏജൻസിയെ ഫലസ്തീനിൽ നിരോധിച്ചിരുന്നു. നാൽപതിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ഇസ്രായേലിനെതിരെ മൊഴി നൽകുമെന്നാണ് സൂചന. കഴിഞ്ഞ മാസാരംഭം മുതൽ ഒരുതരത്തിലുള്ള സഹായവും ഗസ്സയിലേക്ക് ഇസ്രായേൽ അനുവദിക്കുന്നില്ല. 20 ലക്ഷം ഫലസ്തീനികൾ കൊടുംപട്ടിണിയിലാണെന്ന് യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടൊപ്പം, കനത്ത ബോംബിങ്ങും ഇസ്രായേൽ തുടരുകയാണ്. മാസങ്ങൾക്കിടെ ഇസ്രായേൽ സൈനിക ചെലവ് 65 ശതമാനം ഉയർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. 24 മണിക്കൂറിനിടെ 71 പേരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.