ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു
text_fieldsജറൂസലം: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ കമാൽ അദ്‍വൻ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് നൂറോളം രോഗികൾ ദുരിതത്തിലായി.
മധ്യ ഗസ്സയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്.
2014ൽ ഇസ്രായേൽ മോചിപ്പിച്ച റഈദ് ഖബാഈനും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുവെയ്ദയിലെ ടെന്റിനുനേരെയുണ്ടായ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. നുസൈറത്ത് അഭയാർഥി ക്യാമ്പിലും വാദി ഗസ്സയിലുമുണ്ടായ ആക്രമണങ്ങളിലാണ് മറ്റു നാലുപേർ കൊല്ലപ്പെട്ടത്. റഫയിൽ ധാന്യം വാങ്ങാൻ വരി നിൽക്കുകയായിരുന്ന 10 പേരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കമാൽ അദ്‍വൻ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഓക്സിജനും ജല വിതരണവും മുടങ്ങി. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്ന് മേധാവി ഹുസാം അബു സഫിയ പറഞ്ഞു.
അടുത്തിടെയുണ്ടായ ഇസ്രായേൽ ഷെല്ലിങ്ങും ബോംബാക്രമണവും ആശുപത്രിയിൽ കാര്യമായ കേടുപാടുകളുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.