വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചില്ല
text_fieldsതെൽ അവീവ്: ഹമാസുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ. ഹമാസ് ബന്ദികളെ മോചിപ്പിച്ചിട്ടും ഇസ്രായേൽ 600 ഫലസ്തീൻ തടവുകാരെ പുറത്ത് വിട്ടില്ല. വെടിനിർത്തൽ കരാറിലെ വലിയ തിരിച്ചടിയാണ് ഇസ്രായേൽ നടപടിയെന്നാണ് വിമർശനം.
ശനിയാഴ്ച കരാർ പ്രകാരം ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാൽ, തടവുകാരെ പുറത്തുവിടാൻ ഇസ്രായേൽ തയാറായിട്ടില്ല. ഹമാസ് അടുത്ത തവണ ബന്ദികളെ കൈമാറുന്നത് ഉറപ്പാക്കുന്നതുവരെ ഫലസ്തീൻ തടവുകാരുടെ മോചനം വൈകിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇസ്രായേൽ ഫലസ്തീൻ തടവുകാരെ വിട്ടയക്കാത്തത് വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന വിമർശനവുമായി ഹമാസ് രംഗത്തെത്തി. അതേസമയം, ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ പുതിയ കണക്കുകൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. 48,319 ഫലസ്തീനികൾ ആക്രമണങ്ങളിൽ മരിച്ചുവെന്നും 1,11,749 പേർക്ക് പരിക്കേറ്റുവെന്നും കണക്കുകളിൽ നിന്നും വ്യക്തമാകും.
നേരത്തെ ആറ് ബന്ദികളെ റെഡ് ക്രോസിനാണ് ഹമാസ് കൈമാറിയത്. റെഡ് ക്രോസാണ് ബന്ദികളെ ഇസ്രായേലിന് കൈമാറുക. അതിനിടെ, ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാർഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. റെഡ്ക്രോസിനാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാൻ ഇസ്രായേൽ നടപടികൾ തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.