Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right40ബന്ദികൾക്ക് പകരം...

40ബന്ദികൾക്ക് പകരം ഒരാഴ്ച വെടിനിർത്താമെന്ന് ഇസ്രായേൽ; യുദ്ധം പൂർണമായി നിർത്താതെ ചർച്ചയില്ലെന്ന് ഹമാസ്

text_fields
bookmark_border
40ബന്ദികൾക്ക് പകരം ഒരാഴ്ച വെടിനിർത്താമെന്ന് ഇസ്രായേൽ; യുദ്ധം പൂർണമായി നിർത്താതെ ചർച്ചയില്ലെന്ന് ഹമാസ്
cancel

തെൽഅവീവ്: ഹമാസ് ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാൽ ഒരാഴ്ച വെടിനിർത്താ​ൻ തയ്യാറാണെന്ന് ഇസ്രായേൽ. ബന്ദിമോചനത്തിന് വഴിയൊരുക്കാൻ വാഴ്സോയിൽ ഖത്തറുമായി നടന്ന ചർച്ചയിലാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇസ്രായേൽ ദിനപത്രമായ ജറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മൊസാദ് തലവൻ ഡേവിഡ് ബാർണിയ, സി.ഐ.എ തലവൻ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ എന്നിവരാണ് ചർച്ചയിൽ സംബന്ധിച്ചത്.

എന്നാൽ, ബന്ദിമോചനമടക്കമുള്ള കാര്യങ്ങളിൽ ചർച്ച തുടങ്ങണമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്നതാണ് ഹമാസിന്റെ വ്യവസ്ഥയെന്ന് ഖത്തർ പ്രധാനമന്ത്രി സി.ഐ.എ, മൊസാദ് തലവൻമാരെ അറിയിച്ചു. യുദ്ധം നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ കൈമാറണമെന്നും മൊസാദ് തലവൻ പ്രതികരിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു.

സ്ത്രീകളും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും മാരകരോഗങ്ങളോ ഗുരുതര പരിക്കുകളോ ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമായ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്.

നവംബറിൽ വെടിനർത്തൽ അവസാനിച്ച് യുദ്ധം പുനരാരംഭിച്ച ശേഷം ഇസ്രായേൽ മുന്നോട്ടുവെക്കുന്ന ആദ്യ വെടിനിർത്തൽ നിർദേശമാണിത്. ഇസ്രായേലി പൗരന്മാരും വിദേശികളും അടക്കം 130 ഓളം പേർ ഇപ്പോഴും ഗസ്സയിൽ ഹമാസിന്റെ തടവിലാണ്. ബന്ദികളിൽ എട്ട് അമേരിക്കക്കാരും ഉണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു.

നേരത്തെ 80 ബന്ദികളെ വിട്ടയച്ചതിന് പകരമായാണ് ഒരാഴ്ച വെടിനിർത്തിയത്. എന്നാൽ, ഇത്തവണ 40​ പേർക്ക് പകരം ഒരാഴ്ച വെടിനിർത്താമെന്നും കൂടുതൽ ഫലസ്തീനികളെ വിട്ടയക്കാമെന്നും ഇസ്രായേൽ പറയുന്നു. ഗുരുതര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും തങ്ങൾ സന്നദ്ധരാ​ണെന്ന് ഇസ്രായേൽ അറിയിച്ചതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.

യുദ്ധം തുടങ്ങി 70 ദിവസം ആകാറായിട്ടും ബന്ദികളെ കണ്ടെത്താനോ മോചനത്തിന് വഴിയൊരുക്കാനോ കഴിയാത്തത് ഇസ്രായേലിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ബന്ദികളുടെ ബന്ധുക്കളും ഇസ്രായേൽ പൗരന്മാരും ചേർന്ന് നെതന്യാഹു സർക്കാറിന് മേൽ കടുത്ത സമ്മർദമാണ് ഉണ്ടാക്കിയത്. അതിനിടെ മൂന്ന് ബന്ദികളെ ഇസ്രായേൽ സേന തന്നെ അബദ്ധത്തിൽ ​കൊലപ്പെടുത്തിയതും സർക്കാറിന് കീറാമുട്ടിയായി.

ഡിസംബർ 18 ന് തെൽ അവീവിലെ മിലിട്ടറി ഡിഫൻസ് ആസ്ഥാനത്തിന് പുറത്ത് ബന്ദികളെ മോചിപ്പിക്കുന്നതിന് സർക്കാർ വഴികാണണമെന്ന് ആവശ്യപ്പെട്ട് ബന്ദുക്കളും സാമൂഹിക പ്രവർത്തകരും വൻ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelIsrael Palestine ConflictWorld News
News Summary - Israel informed Qatar that they're ready for week-long truce for 40 hostages
Next Story