ഇസ്രായേൽ ആക്രമണം കടുപ്പിച്ചു; മറുപടിയായി തെൽ അവീവിനുനേരെ റോക്കറ്റ് തൊടുത്ത് ഹമാസ്
text_fieldsദെയ്ർ അൽ ബലാഗ്: ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയും മറുപടിയായി ഹമാസ് റോക്കറ്റുകൾ തൊടുക്കുകയും ചെയ്തതോടെ വീണ്ടും യുദ്ധ ഭീതിയിൽ ഗസ്സ. വ്യാഴാഴ്ച പുലർച്ചമുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 85 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 133 പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണത്തിന് കീഴടങ്ങിയത്. നിരവധി വീടുകൾ തകർന്നു. റഫയിലും ഖാൻ യൂനിസിലും ബൈത്ത് ലാഹിയയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുകയാണ്.
വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിൽ ഇസ്രായേൽ സൈന്യം കരയാക്രമണവും തുടങ്ങി. അതിനിടെ, തെൽ അവീവിനുനേരെ റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. സിവിലിയന്മാർക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയാണ് ആക്രമണമെന്നും ഹമാസ് പറഞ്ഞു. നെറ്റ്സരിം ഇടനാഴിയുടെ നിയന്ത്രണം കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം വീണ്ടും ഏറ്റെടുത്തു. വെടിനിർത്തൽ കരാറിനെതുടർന്ന് ഇവിടെനിന്ന് പിൻവാങ്ങിയ ഇസ്രായേൽ സേന ഇതാദ്യമായാണ് നിയന്ത്രണം ഏറ്റെടുക്കുന്നത്. ഇതോടെ ഗസ്സ വടക്കും തെക്കുമായി വിഭജിക്കപ്പെട്ട നിലയിലാണ്. തെക്കൻ മേഖലയിലുള്ളവരെ വടക്കൻ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ വടക്ക്- തെക്ക് ഹൈവേ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പു നൽകി. ഹമാസിനെതിരെ കനത്ത ആക്രമണം നടത്തുന്നതിനൊപ്പം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വിപുലവും ശക്തവുമായ മുന്നണി രൂപപ്പെടുത്തുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പുനൽകി. ചൊവ്വാഴ്ച മുതൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 500ൽ അധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 200 പേർ കുട്ടികളാണ്. തൊള്ളായിരത്തോളം പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.