വെസ്റ്റ്ബാങ്കിലും ഇസ്രായേൽ അതിക്രമം; നാലുപേർ കൊല്ലപ്പെട്ടു
text_fieldsവെസ്റ്റ്ബാങ്ക്: ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിലും അതിക്രമം കടുപ്പിച്ച് ഇസ്രായേൽ. 24 മണിക്കൂറിനിടെ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് കൗമാരക്കാരടക്കം നാലുപേർ കൊല്ലപ്പെട്ടു. വീടുകളിൽ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ജെനിൻ നഗരത്തിൽ 16കാരനും തൂബാസിൽ രണ്ട് സഹോദരന്മാരും നാബുലസിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. തുൽകറമിൽ അഭയാർഥി ക്യാമ്പിൽ സൈന്യം റെയ്ഡ് നടത്തി. ഇവിടെ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായി. ഗസ്സയിൽനിന്നുള്ള നിരവധി തൊഴിലാളികളെ തുൽകറമിന് സമീപം ഫാറൂനിൽ തടഞ്ഞുവെച്ചെന്ന് ‘വഫ’ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ബെത്‍ലഹേമിന് സമീപം ഐദ അഭയാർഥി ക്യാമ്പ്, സിലാത് അൽ ദഹ്ർ, അൽ അതാര, അൽ ജലാമ, അൽ അർഖ എന്നിവിടങ്ങളിലും വ്യാപക റെയ്ഡാണ് സേന നടത്തുന്നത്. ഒക്ടോബർ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കിൽനിന്ന് ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരും ഫലസ്തീനികൾക്കുനേരെ ആക്രമണം കടുപ്പിക്കുകയാണ്. ഇതുവരെ 308 ആക്രമണങ്ങൾ ഫലസ്തീനികൾക്കുനേരെ കുടിയേറ്റക്കാർ നടത്തിയതായും എട്ടുപേർ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.
അതേസമയം, വെസ്റ്റ്ബാങ്കിൽ അക്രമാസക്തരാകുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് വിസ വിലക്കേർപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണമെന്ന് നേരത്തെ യു.എസ് ഉദ്യോഗസ്ഥർ ഇസ്രായേലിന് നിർദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർതന്നെ അതിക്രമങ്ങൾക്ക് മുന്നിൽനിൽക്കുന്നതിനാൽ നടപ്പാകുന്നില്ലെന്നുകണ്ടാണ് യു.എസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.