ഹനിയ്യ വധം, കോൺസുലേറ്റ് ആക്രമണം, മിസൈൽ വർഷം; കൊണ്ടും കൊടുത്തും ഇറാനും ഇസ്രായേലും
text_fieldsതെഹ്റാൻ/ തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ അതിശക്തമായി പ്രതികരിച്ച് തുടക്കം മുതൽ നിലകൊണ്ട രാജ്യമാണ് ഇറാൻ. പതിറ്റാണ്ടുകളായി നിഴൽയുദ്ധം നടക്കുന്ന ഇറാനും ഇസ്രായേലും 2023 ഒക്ടോബർ ഏഴുമുതൽ പരസ്യമായ ശത്രുതയിലേക്ക് നീങ്ങി. ഒക്ടോബർ ഏഴിലെ തൂഫാനുൽ അഖ്സ ഓപറേഷനിൽ തെഹ്റാന് പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നുവെങ്കിലും ഇറാൻ അത് നിഷേധിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സുപ്രധാന സംഭവവികസങ്ങളുടെ നാൾവഴികൾ:
2023 ഒക്ടോബർ 10: തൂഫാനുൽ അഖ്സ ഓപറേഷനിൽ തെഹ്‌റാന് പങ്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു, ഇസ്രായേലിന്റെ സൈനിക, രഹസ്യാന്വേഷണ പരാജയത്തിന്റെ തെളിവാണ് ആക്രമണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
2023 ഡിസംബർ 2: സിറിയയിൽ സൈനിക ഉപദേഷ്ടാക്കളായ രണ്ട് ഐ.ആർ.ജി.സി അംഗങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ യുദ്ധം തുടങ്ങിയ ശേഷം ഇറാൻ നേരിട്ട ആദ്യ ആക്രമണമായിരുന്നു ഇത്.
2024 ഏപ്രിൽ 1: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. എംബസി കോമ്പൗണ്ടിൽ രണ്ട് ജനറൽമാരും അഞ്ച് സൈനിക ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലിണെന്ന് ഇറാനും സിറിയയും കുറ്റപ്പെടുത്തി.
2024 ഏപ്രിൽ 13: ഇസ്രായേലിന് നേരെ ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. ഇറാൻ ഇസ്രായേലിന് നേരെ നടത്തുന്ന ആദ്യ നേരിട്ടുള്ള ആക്രമണമായിരുന്നു ഇത്.
2024 ജൂലൈ 30: ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഹമാസ് പോളിറ്റ് ബ്യൂറോ ചീഫ് ഇസ്മാഈൽ ഹനിയ്യ പങ്കെടുത്തു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ കാണുകയും ചെയ്തു.
2024 ജൂലൈ 31: പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിന് ശേഷം ഇറാനിൽ അതിഥിയായി കഴിഞ്ഞ ഹനിയ്യ താമസസ്ഥലത്ത് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നിൽ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു. ഇസ്രായേൽ "കഠിനമായ ശിക്ഷ" അനുഭവിക്കുമെന്ന് ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകി.
2024 ഒക്‌ടോബർ 1: ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ നേരിട്ടുള്ള ആക്രമണം. 200 മിസൈലുകളാണ് ഇത്തവണ പ്രയോഗിച്ചത്. ഗസ്സയിലെയും ലബനാനിലെയും ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കും ഐ.ആർ.ജി.സി, ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ കൊലപാതകങ്ങൾക്കും മറുപടിയാണിതെന്ന് ഇറാൻ. കടുത്ത പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
2024 ഒക്ടോബർ 26: ഇറാന് നേരെ ഇസ്രായേൽ ആക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ, ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇറാൻ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.