ഫലസ്തീനികൾക്ക് കോവിഡ് വാക്സിനും നിഷേധിച്ച് ഇസ്രായേൽ പ്രതികാരം
text_fields
ഗസ്സ: കടുത്ത ഉപരോധവും നിരന്തര വ്യോമാക്രമണവുമായി ഫലസ്തീനികളുടെ ജീവിതം വറുതിയും നരകവുമാക്കിയ ഇസ്രായേൽ കോവിഡ് കാലത്ത് കാണിക്കുന്നത് അതിലേറെ ഞെട്ടിക്കുന്ന ക്രൂരത. നാടൊട്ടുക്കും കൊറോണ വാക്സിൻ നൽകി ലോകത്ത് ഈ രംഗത്തെ മാതൃകയെന്നു പേരു കേൾപ്പിക്കുേമ്പാഴാണ് ഫലസ്തീനികൾക്ക് അത് നിഷേധിക്കുന്നത്.
ഇസ്രായേലിെൻറ മറ്റു ഭാഗങ്ങളിൽ വാക്സിനേഷൻ നടപടികൾ ഇരട്ടി വേഗത്തിലാക്കിയപ്പോൾ 50 ലക്ഷത്തോളം ഫലസ്തീനികൾ വസിക്കുന്ന ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ പരിപാടി ആരംഭിച്ചിട്ടേയില്ല. ഇസ്രായേലിന് ബാധകമായ ജനീവ കൺവെൻഷൻ 56ാം വകുപ്പ് പ്രകാരം മേഖലയിലെ ആരോഗ്യ, ആശുപത്രി സേവനങ്ങൾ നിർബന്ധമായും ഇസ്രായേൽ അനുവദിക്കണം. അതുപോലും മാനിക്കാതെയാണ് അടിയന്തര സേവനം നിഷേധിക്കുന്നത്.
ഗസ്സയിലെ ആശുപത്രികളിലേറെയും ഇസ്രായേൽ ബോംബ് വർഷത്തിൽ ഭാഗികമായോ പൂർണമായോ തകർന്ന നിലയിലാണ്. ആശുപത്രികൾ മാത്രമല്ല, ആംബുലൻസുകൾ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവരും ആക്രമണത്തിനിരയാകുന്നത് തുടർക്കഥ. 13 വർഷമായി കടുത്ത ഉപരോധം തുടരുന്നതിനാൽ അവശ്യ മെഡിക്കൽ വസ്തുക്കൾ പോലും എത്തിക്കലും പ്രയാസകരം.
ഫലസ്തീനികൾക്ക് ഭൂരിപക്ഷമുള്ള ഗസ്സയിലും വെസ്റ്റ് ബാങ്കിലും കോവിഡ് വാക്സിൻ എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അനൗദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്ന് ബ്രിട്ടീഷ് പത്രമായ 'ഇൻഡിപെൻഡൻറ്' റിപ്പോർട്ട് പറയുന്നു.
ഇസ്രായേലിൽ വിതരണത്തിനായി ഫൈസർ, മോഡേണ, ആസ്ട്രസെനിക എന്നിവയിൽനിന്ന് യഥാക്രമണം 80 ലക്ഷം, 60 ലക്ഷം, ഒരു കോടി കോവിഡ് വാക്സിനുകൾ വാങ്ങിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നു. എന്നാൽ, വെസ്റ്റ് ബാങ്കിൽ മാത്രം 27 ലക്ഷം ഫലസ്തീനികൾക്ക് വാക്സിൻ നിഷേധിക്കുകയാണെന്നാണ് വിമർശനം.
ഫലസ്തീനിൽ ഇതുവരെയായി 160,000 പേർ കോവിഡ് ബാധിതരായെന്നാണ് കണക്ക്. 1,700 പേർ മരിച്ചിട്ടുണ്ട്. ഗസ്സയിൽ മാത്രം 47,000 രോഗബാധിതരിൽ 460 ആണ് മരണം.
ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായാണ് ഗസ്സ പരിഗണിക്കപ്പെടുന്നത്. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവുമാണിത്.
അതേ സമയം, ഇസ്രായേൽ നിഷേധിച്ചാലും കോവിഡ് വാക്സിൻ ഫലസ്തീനികൾക്ക് എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.