ഒരു മാസത്തിനിടെ ഇസ്രായേൽ കവർന്നത് 500 കുരുന്നു ജീവനുകൾ
text_fieldsതെൽ അവീവ്: ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ച ശേഷം ഇസ്രായേൽ ഗസ്സയിൽ 500 ഓളം കുട്ടികളെ കൊന്നൊടുക്കിയതായി റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം നിരവധിയാണ്. ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസലാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മാർച്ച് 18ന് ഇസ്രായേൽ വംശഹത്യ പുനരാരംഭിച്ച ശേഷം മാത്രം 1500ലേറെ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
മാർച്ച് 18 മുതൽ ഏപ്രിൽ ഒമ്പതു വരെയുള്ള കാലയളവിൽ ഇസ്രായേൽ സേന നടത്തിയിട്ടുള്ള 224 ആക്രമണങ്ങളിൽ 36 എണ്ണത്തിലും സ്ത്രീകളും കുട്ടികളും മാത്രമാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് രവിന ഷംദസാനി വെളിപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ ശനിയാഴ്ച വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതിൽ ഒന്ന് പിഞ്ചു കുഞ്ഞാണ്.
മധ്യ ഗസ്സയിലെ ദൈർ അൽബലഹിൽ പരിക്കേറ്റ ശാം എന്ന നവജാതശിശുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ കൈ മുറിച്ചുമാറ്റേണ്ടിവന്നു. എന്നിട്ടും മണിക്കൂറുകൾക്കകം മരിച്ചെന്ന് അൽ ജസീറയുടെ ഹിന്ദ് ഖൗദരി റിപ്പോർട്ട് ചെയ്തു. ശാമിന്റെ കുടുംബം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച ശുജാഇയയിൽനിന്നും ഖാൻ യൂനുസിൽനിന്നും ഒഴിഞ്ഞുപോകാൻ ഫലസ്തീനികൾക്ക് വീണ്ടും ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.