രക്തക്കൊതി മാറാതെ ഇസ്രായേൽ; ഗസ്സയിൽ 36 പേരെ കൂടി കൊലപ്പെടുത്തി, ഡോ. ഹുസ്സാം അബൂ സാഫിയയെ എങ്ങോട്ട് മാറ്റിയെന്ന് വിവരമില്ല
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ നിരായുധരും നിസ്സഹായരുമായ ജനതക്ക് മേൽ മനുഷ്യത്വം മരവിക്കുന്ന ആക്രമണം തുടർന്ന് ഇസ്രായേൽ സൈന്യം. ഗസ്സയിലുടനീളം ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 36 പേരെയാണ് കൊലപ്പെടുത്തിയത്. വടക്കൻ ഗസ്സയിലാണ് കൊല്ലപ്പെട്ടവരിലേറെയും.
റഫയിലെ അൽ നസർ മേഖലയിൽ ഒരു വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലും തെക്കൻ ഗസ്സയിലെ മവാസി മേഖലയിലും ഡ്രോൺ ആക്രമണവും ഇസ്രായേൽ സൈന്യം നടത്തി. ഗസ്സ സിറ്റിയിലെ സൈത്തൂൺ മേഖലയിലും ആക്രമണമുണ്ടായി.
അതേസമയം, ഇസ്രായേൽ സേന അറസ്റ്റ് ചെയ്ത് തടവിലിട്ട ഉത്തര ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബൂ സാഫിയയെ കുറിച്ച് ഇപ്പോഴും വിവരമില്ല. ഡോ. ഹുസ്സാം അബൂ സാഫിയയെയും നിരവധി ആശുപത്രി ജീവനക്കാരെയും സേന ബലംപ്രയോഗിച്ച് തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായി ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, എവിടെയാണ് ഇദ്ദേഹത്തെ തടങ്കലിലാക്കിയത് തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
വെള്ളിയാഴ്ച രാത്രി ആശുപത്രി ഒഴിപ്പിച്ച് സർജറി വിഭാഗങ്ങൾക്ക് തീവെച്ച ശേഷമായിരുന്നു അറസ്റ്റ്. അതിഗുരുതരാവസ്ഥയിലുള്ള രോഗികളെയടക്കമാണ് ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചത്. ഉത്തര ഗസ്സയിൽ അവശേഷിക്കുന്ന പ്രധാനപ്പെട്ട ഏക ആശുപത്രിയായ കമാൽ അദ്വാനിൽ 75 രോഗികളും 180 ജീവനക്കാരുമാണുണ്ടായിരുന്നത്. ആശുപത്രിക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മെഡിക്കൽ സ്റ്റാഫ് അടക്കം 50 പേർ കൊല്ലപ്പെട്ടതായി ഡോ. ഹുസ്സാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവസാന ശ്വാസം വരെയും ആശുപത്രിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ, ഡോ. ഹുസ്സാം അബൂ സാഫിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആഗോളവ്യാപകമായി കാമ്പയിൻ ഉയർന്നിട്ടുണ്ട്.
ഗസ്സയിൽ 14 മാസമായി തുടരുന്ന നരനായാട്ടിൽ 45,500 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 1,08,090ലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കണക്കാക്കാൻ പോലുമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.