വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗസ്സയിൽ കൊല തുടർന്ന് ഇസ്രായേൽ: കൊല്ലപ്പെട്ടത് 113 പേർ; ടെന്റുകൾക്ക് തീയിട്ടു
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനുശേഷവും ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 28 കുട്ടികളും 31 സ്ത്രീകളും ഉൾപ്പെടെ 113 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഗസ്സ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഇസ്രായേൽ മന്ത്രിസഭ ഇന്ന് യോഗം ചേരുമെന്ന് റിപ്പോർട്ടുകൾക്കിടെയാണിത്.
തീരുമാനം വന്നതിനുശേഷവും ഇസ്രായേൽ യുദ്ധവിമാനങ്ങൾ തീവ്രമായ ആക്രമണങ്ങൾ തുടർന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ വംശഹത്യായുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേൽ ഇല്ലാതാക്കിയ മാധ്യമ പ്രവർത്തകരുടെ എണ്ണം 206 ആയി.
അഭയാർഥികൾ താമസിക്കുന്ന ടെന്റുകൾക്കും സൈന്യം തീയിട്ടു. ആളിപ്പടർന്ന തീയണക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും നിരവധി സ്കൂളുകളും ആശുപത്രികളും നശിപ്പിക്കുകയും കാർഷിക ഭൂമിക്ക് ദീർഘകാല നാശമുണ്ടാക്കുകയും ചെയ്ത 15 മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ട് ബിന്യമിൻ നെതന്യാഹു വെടിനിർത്തൽ കരാറിന് സമ്മതിക്കുകയായിരുന്നു.
46,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിനു പേർ അവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെട്ടിട്ടുണ്ട്. വീണ്ടെടുത്തതും അടക്കിയതുമായ മൃതദേഹങ്ങൾ മാത്രമാണ് ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുന്നത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കാനുള്ള ഉപകരണങ്ങളുടെയോ ഇന്ധനത്തിന്റെയോ അഭാവം മൂലം അധിക മരണങ്ങൾ കണക്കാക്കിയിട്ടില്ല.
പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ അധിനിവേശത്തിൽ ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ വംശഹത്യയായി ഇതു മാറുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.