നസ്റുല്ല എവിടെയെന്ന് മാസങ്ങൾക്കുമുമ്പേ ഇസ്രായേലിന് വിവരം ലഭിച്ചു; വധിക്കാനുള്ള നെതന്യാഹുവിന്‍റെ പദ്ധതി ചില മന്ത്രിമാർ എതിർത്തിരുന്നെന്ന്
text_fieldsതെൽ അവീവ്: ഏറെക്കാലമായി രഹസ്യ കേന്ദ്രത്തിലിരുന്ന് ഹിസ്ബുല്ലയെ നിയന്ത്രിച്ചിരുന്ന ഹസൻ നസ്റുല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെ ഈ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹസൻ നസ്റുല്ലയുടെ എവിടെയാണെന്നത് സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പേ ഇസ്രായേൽ ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തൽ. മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
വിവരം ലഭിച്ചെങ്കിലും നസ്‌റല്ലയെ വധിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. വധിക്കാനുള്ള പദ്ധതിയിന്മേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും മന്ത്രിമാരും പ്രതിരോധ ഉദ്യോഗസ്ഥരും ദിവസങ്ങളോളം കൂടിയാലോചനകൾ നടത്തിയതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് ഉൾപ്പെടെയുള്ള ചില കാബിനറ്റ് മന്ത്രിമാർ ഈ നീക്കത്തെ എതിർത്തിരുന്നത്രെ. ഗസ്സയിലെ ഇസ്രായേലിന്‍റെ പ്രവർത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് സ്മോട്രിച്ചും പ്രാദേശിക സഹകരണ മന്ത്രി ഡേവിഡ് അംസലേമും ആശങ്ക പങ്കുവെച്ചു.
ഒടുവിൽ നസ്റുല്ലയെ വധിക്കാമെന്ന് തീരുമാനിച്ചെങ്കിൽ ഇത് അമേരിക്കയെ പോലും ഇസ്രായേൽ അറിയിച്ചില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറയുന്നു. നെതന്യാഹു യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കാൻ വ്യാഴാഴ്ച രാവിലെ ന്യൂയോർക്കിലേക്ക് പോകുന്നതിനുമുമ്പ് നസ്റുല്ലയെ വധിക്കാനുള്ള ഓപ്പറേഷന്‍റെ ആസൂത്രണം നടന്നു. വെള്ളിയാഴ്ച യു.എന്നിലെ പ്രസംഗത്തിന് തൊട്ടുമുമ്പ് ആക്രമണത്തിന് നെതന്യാഹു അംഗീകാരം നൽകി. മന്ത്രിസഭ യോഗം തത്വത്തിൽ അംഗീകരിച്ച തീരുമാനത്തെ പ്രതിരോധ മന്ത്രിയും പിന്തുണച്ചു.
വെള്ളിയാഴ്ച വൈകീട്ട്, നെതന്യാഹുവിന്‍റെ പ്രസംഗം അവസാനിച്ച് ഏതാനും മിനിറ്റുകൾക്കകം നീക്കം ആരംഭിച്ചു. യുദ്ധ ജെറ്റ് വിമാനങ്ങൾ പറന്നുയരുകയും ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്ത ശേഷം മാത്രം വിവരം അമേരിക്കയെ അറിയിച്ചു.
ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കുഭാഗത്തുള്ള ദാഹിയയിലെ ഹിസ്ബുല്ലയുടെ പ്രധാന ആസ്ഥാനമെന്ന് വിവരം ലഭിച്ച സ്ഥലത്തേക്ക് ഭൂഗർഭ അറകൾ തകർക്കാൻ ശക്തിയുള്ള 80-ലധികം ബങ്കർ ബസ്റ്റിങ് ബോംബുകളാണ് സെക്കൻഡുകൾക്കകം വർഷിച്ചത്. ആറ് കെട്ടിടങ്ങൾ ചാരമായി.
തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ നസ്റുല്ലയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ, ശനിയാഴ്ച രാവിലെ മാത്രമാണ് നസ്റുല്ലയുടെ മരണം ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിച്ചത്. നസ്റുല്ലയുടെ പിൻഗാമിയെന്ന് കരുതപ്പെടുന്ന ഹാഷിം സഫിയുദ്ദീൻ ഈ സമയം ബങ്കറിലുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.