ലബനാനിൽ കരയുദ്ധം തുടങ്ങി ഇസ്രായേൽ; ടാങ്കുകൾ അതിർത്തി കടന്നു, വ്യാപക വ്യോമാക്രമണവും
text_fieldsബെയ്റൂത്: ലബനാനിൽ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേൽ സൈന്യം. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി മേഖലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചു. 2006ന് ശേഷം ആദ്യമായാണ് ഇസ്രായേൽ ലബനാനിൽ കരയുദ്ധത്തിലേർപ്പെടുന്നത്.
ഇസ്രായേൽ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലബനാൻ അതിർത്തി മേഖലയിൽ ഇസ്രായേൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു. കരയുദ്ധം ഉടൻ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവർത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാൻ മേഖലയിലേക്ക് പ്രവേശിച്ചത്.
തെക്കൻ ലബനാനിലെ എയ്ൻ അൽ-ഹിൽവേ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ലബനാനിൽ ഇതുവരെ ആകെ 1208 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം, ഗസ്സയിലും ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ അഭയാർഥികൾ കേന്ദ്രമാക്കിയ സ്കൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗസ്സയിൽ നസറേത്ത് അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്കസിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ ഒരേ സമയം മൂന്ന് രാജ്യങ്ങളിൽ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്.
അതേസമയം, ലബനാനിലെ കരയുദ്ധത്തെ ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും ഹസൻ നസ്റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന ടെലിവിഷൻ അഭിസംബോധനയിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നഈം ഖാസിം വ്യക്തമാക്കി. മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസൻ നസ്റുല്ലയുടെ പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നിലവിൽ ചുമതല വഹിക്കുന്ന അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണം രൂക്ഷമായ തെക്കൻ ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഒരുക്കമാണെന്ന് ലബനാൻ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ ലബനാനിൽനിന്ന് വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.