അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കുരുതി; ബന്ദികളെ വിട്ടയക്കുന്നവരെ വെറുതെ വിടുമെന്ന്
text_fieldsജറൂസലം: ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ കുറയുമെന്ന പ്രതീക്ഷ നിലക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗസ്സയിലേക്ക് കൂടുതൽ സേനയെ അയച്ച ഇസ്രായേൽ വ്യോമ, കരയാക്രമണങ്ങൾ ശക്തമാക്കി.
ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ ജബലിയയിലും മഗാസിയിലും 20 കുട്ടികളും സ്ത്രീകളുമടക്കം 44 പേർ കൊല്ലപ്പെട്ടു. 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ അതോറിറ്റിയുടെ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. പതിനായിരക്കണക്കിന് ഫലസ്തീനികൾ ജബലിയയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അൽഅവ്ദ, കമാൽ അദ്വാൻ ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി.
ഒരു വർഷത്തിലേറെയായി ഗസ്സയിൽ തുടരുന്ന കൂട്ടക്കുരുതിയിൽ 42,519 ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടു. അതിനിടെ, ഗസ്സ ഇനി ഹമാസ് ഭരിക്കില്ല എന്ന സന്ദേശമെഴുതിയ യഹ്യ സിൻവാറിന്റെ ചിത്രമുള്ള ലഘുലേഖകൾ ഇസ്രായേൽ വ്യോമസേന ഗസ്സയിൽ വിതരണം ചെയ്തു. ആയുധങ്ങൾ ഉപേക്ഷിക്കുകയും ബന്ദികളെ വിട്ടുനൽകുകയും ചെയ്യുന്നവരെ വെറുതെവിടുമെന്നും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുമെന്നായിരുന്നു അറബി ഭാഷയിലുള്ള സന്ദേശം.
അതേസമയം, മൂന്നു ദിവസങ്ങൾക്കു ശേഷം ലബനാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കി. ശനിയാഴ്ച തലസ്ഥാനമായ ബൈറൂത്തിൽ ഉൾപ്പെടെ നടത്തിയ ആക്രമണത്തിൽ മേയർ അടക്കം നാലുപേർ കൊല്ലപ്പെട്ടതായി ലബനാൻ സർക്കാർ മാധ്യമമായ നാഷനൽ ന്യൂസ് ഏജൻസി അറിയിച്ചു.
സോഹ്മോർ ടൗണിന്റെ മേയറായ ഹൈദർ ശഹ്ലയാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ബെക്കാ വാലി മേഖലയിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. ബാലൂൽ പട്ടണത്തിലെ ജനവാസ മേഖലയിലുള്ള കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്.
ഹിസ്ബുല്ലയുടെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിലും പശ്ചിമ ഗലീലിയിലും ഒമ്പതുപേർക്ക് പരിക്കേറ്റു. 55 റോക്കറ്റുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല വിക്ഷേപിച്ചത്. ഇതിൽ 20 എണ്ണവും ഹൈഫ മേഖലയിലാണ് പതിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.