ഫലസ്തീനിയുടെ ദേഹത്ത് സൈനിക ടാങ്ക് കയറ്റി ഇസ്രായേലി ക്രൂരത
text_fieldsഗസ്സ: വ്യോമാക്രമണം രൂക്ഷമായ ഗസ്സയിൽനിന്ന് പലായനം ചെയ്ത ഫലസ്തീനിയെ വെടിവെച്ചുകൊന്നശേഷം മൃതദേഹത്തിലൂടെ സൈനിക ടാങ്ക് കയറ്റിയിറക്കി ഇസ്രായേലി ക്രൂരത. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഗസ്സ മുനമ്പിലെ പ്രധാന പാതകളിലൊന്നായ സലാഹുദ്ദീൻ സ്ട്രീറ്റ് വഴി കടന്നുപോകുമ്പോഴായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും ദക്ഷിണഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്കുള്ള സുരക്ഷിതപാതയെന്ന് ഇസ്രായേൽ അവകാശപ്പെട്ട മേഖലയാണിത്. എന്നാൽ, ഇതുവഴി കടന്നുപോകുന്നതിനിടെ ഇസ്രായേൽ സേന ഇദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തുകയും സൈനിക ടാങ്ക് ശരീരത്തിലൂടെ കയറ്റിയിറക്കുകയുമായിരുന്നെന്ന് സംഘടന വെളിപ്പെടുത്തി.
ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം വികൃതമാക്കുകയും അവക്കുമേൽ ക്രൂരകൃത്യങ്ങൾ നടത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ യൂറോ-മെഡ് മോണിറ്റർ പുറത്തുവിട്ടിരുന്നു. മൃതശരീരങ്ങൾ വികൃതമാക്കുകയും അവയ്ക്കുമേൽ മൂത്രമൊഴിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ അംഗവിച്ഛേദം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷങ്ങളിലും യുദ്ധങ്ങളിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോട് ആദരവോടെ പെരുമാറണമെന്നും സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമമുണ്ടെന്ന് യൂറോ-മെഡ് മോണിറ്റർ വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങളെ സംഘം അപലപിക്കുകയും ചെയ്തു.
ഫലസ്തീനിയെ വെടിവെച്ചുകൊന്നശേഷം മൃതദേഹത്തിലൂടെ സൈനിക ടാങ്ക് കയറ്റിയിറക്കുന്ന ഇസ്രായേലി സേന. കെട്ടിടത്തിന്റെ ജനലിലൂടെ പകർത്തിയ വിഡിയോ ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.