വെസ്റ്റ്ബാങ്കിൽ 3144 ജൂതകുടിയേറ്റ ഭവനങ്ങൾക്ക് ഇസ്രായേലിെൻറ അനുമതി
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ 3144 ജൂത കുടിയേറ്റ ഭവനങ്ങൾക്ക് അനുമതി നൽകി ഇസ്രായേൽ സർക്കാർ. നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും കടുത്ത പ്രതികരണങ്ങൾക്കിടയാക്കുമെന്നുമുള്ള യു.എസ് മുന്നറിയിപ്പ് മറികടന്നാണ് ഇസ്രായേലിെൻറ തീരുമാനം.
നീക്കം യു.എസ്-ഇസ്രായേൽ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് കരുതുന്നത്. മുൻഗാമിയായ ഡോണൾഡ് ട്രംപിെൻറ തീരുമാനങ്ങളിൽനിന്ന് വ്യത്യസ്തമായി കുടിയേറ്റ ഭവനങ്ങളെ എതിർക്കുന്ന സമീപനമാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡന്. വെസ്റ്റ്ബാങ്കിൽ കുടിയേറ്റ ഭവനങ്ങൾ നിർമിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുന്നു. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് വിഘാതമാണ് നടപടി-യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ ബൈഡൻ ഭരണകൂടം ഇതുവരെ മൗനം പാലിക്കുകയായിരുന്നുവെന്ന് ഫലസ്തീൻ മുൻ ഉദ്യോഗസ്ഥൻ സബ്രി സെയ്ദാം വിമർശിച്ചു.
3144 കുടിയേറ്റ ഭവനങ്ങൾ നിർമിക്കാനാണ് ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിങ് മന്ത്രാലയം അനുമതി നൽകിയത്. 1300ലധികം വീടുകൾ ഉടൻ നിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായും മന്ത്രാലയം അറിയിച്ചു. അവശേഷിക്കുന്നവ പിന്നീട് നിർമിക്കും.
നീക്കത്തെ ഫലസ്തീൻ ശക്തമായി എതിർത്തു. ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീൻ ആവശ്യപ്പെട്ടു. ജർമനി ഉൾപ്പെടെയുള്ള 11 യൂറോപ്യൻ രാജ്യങ്ങൾ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.