ഫലസ്തീനികളെ സ്വാതന്ത്ര്യ സമരസേനാനികളെന്ന് വിളിച്ച പത്രത്തിനെതിരെ നടപടിയുമായി ഇസ്രായേൽ
text_fieldsലണ്ടൻ: ഫലസ്തീനികളെ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പ്രസാധകർ വിളിച്ചതിന് പിന്നാലെ പത്രത്തിനെതിരെ നടപടിക്കൊരുങ്ങി ഇസ്രായേൽ. ഹാരെറ്റ്സ് പത്രത്തിനെതിരെയാണ് ഇസ്രായേൽ നടപടിക്കൊരുങ്ങുന്നത്. പത്രത്തിന്റെ പബ്ലീഷറായ അമോസ് ഷോക്കൻ ഫലസ്തീനികളെ ലണ്ടനിൽ വെച്ച് സ്വാതന്ത്ര്യസമര സേനാനികളെന്ന് വിളിച്ചിരുന്നു. ഇതാണ് ഇടത് നിലപാടുള്ള പത്രത്തിനെതിരായ നടപടിക്കുള്ള കാരണം.
ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമോ കർഹി പത്രത്തിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുതിയ സർക്കാർ കരാറുകൾ നൽകാതിരിക്കുക, സർക്കാർ ജീവനക്കാർക്ക് പത്രം വിലക്കുക, നിലവിലുള്ള കരാറുകൾ റദ്ദാക്കുക തുടങ്ങിയ നടപടികൾ പത്രത്തിനെതിരെ സ്വീകരിക്കണമെന്നാണ് ഇസ്രായേൽ മന്ത്രിയുടെ നിർദേശം.
ഹാരെറ്റ്സുമായി നിയമപരമായി റദ്ദാക്കാൻ കഴിയുന്ന മുഴുവൻ കരാറുകളും റദ്ദാക്കുമെന്ന് ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി പറഞ്ഞു. 2023 നവംബറിലും പത്രത്തിനെതിരെ സർക്കാർ നടപടിക്കൊരുങ്ങിയിരുന്നു. ഗസ്സ യുദ്ധത്തിൽ പൂർണമായും സർക്കാറിനെ പിന്തുണക്കുന്ന നിലപാട് ഹാരെറ്റ്സ് ഇതുവരെ സ്വീകരിച്ചില്ല.
ഹാരെറ്റ്സുമായുള്ള മുഴുവൻ ഇടപാടുകളും നിർത്തുമെന്ന് ഇസ്രായേൽ ആഭ്യന്തരമന്ത്രി മോഷെ അർബെലും പറഞ്ഞു. ഇനിയും നിശബ്ദനായിരിക്കാൻ ആവില്ല. പൗരൻമാരെ സംരക്ഷിക്കാൻ ഇസ്രായേൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ജനതയുടെ മേൽ ക്രൂരമായ വർണവിവേചന ഭരണം അടിച്ചേൽപ്പിക്കുന്നത് നെതന്യാഹു സർക്കാർ കാര്യമാക്കുന്നില്ല. ഇസ്രായേൽ തീവ്രവാദികളെന്ന് വിളിക്കുന്ന ഫലസ്തീൻ സ്വാതന്ത്ര്യ സമരസേനാനികളോട് പോരാടുമ്പോൾ വാസസ്ഥലങ്ങൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാവുന്നില്ലെന്നായിരുന്നു പത്രത്തിന്റെ പ്രസാധകനായ ആമോസ് ഷോക്കന്റെ പ്രസ്താവന.
പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ചത് ഹമാസിനെയല്ലെന്നും തീവ്രവാദം ഉപയോഗിക്കാത്ത മറ്റുള്ളവരെയാണ് പിന്തുണച്ചതെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഫലസ്തീൻ രാഷ്ട്രം നിർബന്ധമായും രൂപീകരിക്കണം. ഇത് യാഥാർഥ്യമാക്കാനുള്ള ഒരേയൊരു വഴി ഇതിനെ എതിർക്കുന്ന ഇസ്രായേലിനെതിരെയും നേതാക്കൾക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും ഉപരോധമേർപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.