റഫയിലെ ആക്രമണം ഉടൻ നിർത്തണം -ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
text_fieldsഹേഗ്: ഗസ്സയിലെ റഫയിൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). ഇസ്രായേലിനെതിരായ വംശഹത്യ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും, ഉത്തരവിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി റഫ അതിർത്തി തുറക്കാനും ഇസ്രായേലിനോട് നിർദേശിച്ചിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽചെയ്ത കേസിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നടന്ന വാദം കേൾക്കലിനിടെയാണ് റഫയിലെ ആക്രമണം ചൂണ്ടിക്കാട്ടിയത്. ഇതിലാണ് ഐ.സി.ജെയുടെ വിധി ഉണ്ടായിരിക്കുന്നത്.
കോടതി വിധി ഹമാസ് സ്വാഗതം ചെയ്തു. ഗസ്സയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കൊല തുടരുന്ന സാഹചര്യത്തിലെ ഐ.സി.ജെയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ, റഫയിൽ മാത്രമല്ല, ഗസ്സയിലുടനീളമുള്ള ഇസ്രായേലിന്‍റെ സൈനിക നീക്കങ്ങൾ നിർത്താൻ കോടതി ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നു. ജബലിയ്യയിലും മറ്റിടങ്ങളിലും സംഭവിക്കുന്നത് റഫയിൽ സംഭവിക്കുന്നതിനേക്കാൾ ഭീകരമായ പ്രവൃത്തികളാണെന്നും ഹമാസ് അറിയിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ ഫലസ്തീൻ അതോറിറ്റി സ്വാഗതം ചെയ്യുന്നതായി ഫലസ്തീൻ പ്രസിഡന്‍റിന്‍റെ വക്താവ് അറിയിച്ചു.
എന്നാൽ, ഐ.സി.ജെയുടെ വിധിക്ക് തങ്ങളെ തടയാനാകില്ലെന്നും യുദ്ധം തുടരുമെന്നും ഇസ്രായേൽ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.